KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടിമിന്നലിന്റെ മാരക ശക്തിയിൽ പകച്ച് നാട്

ഇളമ്പള്ളി: ദിവ്യ പകച്ചുനിൽക്കുകയാണ് വിധിക്കുമുൻപിൽ. വെള്ളിയാഴ്ച വൈകീട്ട് ഇടിമിന്നലിൽ വീട് കത്തിനശിച്ച കോട്ടേപ്പറമ്പിൽ ദിവ്യ ബന്ധുവീട്ടിലാണിപ്പോൾ. ഭർത്താവിന്റെയും അച്ഛനമ്മമാരുടെയും മരണശേഷം കോട്ടേപ്പറമ്പിൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു ദിവ്യ. ഭർത്താവ് സന്തോഷ് 2021-ൽ കോവിഡ് ബാധിച്ച് മരിച്ചു. ഇവർക്ക് മക്കളില്ല. തുടർന്ന് ദിവ്യയുടെ അച്ഛൻ രാജപ്പനും അമ്മ ഓമനയുമായിരുന്നു ദിവ്യക്കൊപ്പം. 2023-ൽ അച്ഛനും 2024-ൽ അമ്മയും മരിച്ചതോടെ രാത്രി ബന്ധുക്കളായ സ്ത്രീകളാരെങ്കിലും ദിവ്യയുടെ വീട്ടിൽ കൂട്ടുകിടക്കും. സപ്ലൈകോയുടെ സ്‌റ്റോറുകളിൽ സ്വകാര്യകമ്പനിയുടെ ഉത്പന്നങ്ങൾ ഡിസ്‌പ്ലേ ചെയ്യുന്ന ജോലിയിലാണ് ദിവ്യ. വെള്ളിയാഴ്ച വൈകീട്ട് വീടിന് ഇടിമിന്നലേൽക്കുമ്പോൾ പള്ളിക്കത്തോട്ടിൽ ജോലിസ്ഥലത്തായിരുന്നു ഇവർ.

വീടിന്റെ പിന്നിൽ മൂടിയിട്ടിരുന്ന പഴയ മര ഉരുപ്പടികളിലും ഫർണീച്ചറുകളിലുമാണ് ആദ്യം മിന്നലേറ്റ് തീപടർന്നത്. വീടിന്റെ ഭിത്തി തുളച്ച് ഇടിമിന്നൽ മുറികൾക്കുള്ളിലാകെ നാശം വിതച്ചു. കക്കൂസിൽ ടൈലുകളും ക്ലോസറ്റും പൊട്ടിത്തകർന്നു. മെയിൻസ്വിച്ച് കത്തിപ്പോയി. മുറികൾക്കുള്ളിലെ തുണികളിലും തീപടർന്നു. താമസിക്കാനാവാത്ത വിധം വീടിന് നാശനഷ്ടമുണ്ട്.

പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നൻ വെള്ളാപ്പള്ളി, പഞ്ചായത്തംഗം സൗമ്യ സുനീഷ്, എസ്.എൻ.ഡി.പി.യോഗം 4840-ാം നമ്പർ ഇളമ്പള്ളി ശാഖാ പ്രസിഡന്റ് ജ്യോതിലാൽ, സെക്രട്ടറി പി.കെ.ശശി, ആനിക്കാട് ഫാർമേഴ്‌സ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗങ്ങൾ തുടങ്ങി പൊതുപ്രവർത്തകർ സന്ദർശിച്ചു.

error: Content is protected !!