എരുമേലി പേട്ടതുള്ളലിന്റെ നിറസാന്നിധ്യമായിരുന്ന മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു.
എരുമേലി : രണ്ട് പതിറ്റാണ്ടിലേറെ കാലം എരുമേലിയിൽ അമ്പലപ്പുഴ പേട്ടതുള്ളലിന് നേതൃത്വം നൽകിയ മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായരുടെ നിര്യാണത്തിൽ എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ പനച്ചി, സെക്രട്ടറി മിഥുലാജ് പുത്തൻവീട്, നൗഷാദ് കുറുങ്കാട്ടിൽ, സലീം കണ്ണങ്കര, നിഷാദ് താന്നിമൂട്ടിൽ, സി.എം. അബ്ദുൾ നാസർ, അനസ് പുത്തൻവീട്, നൈസാം പി.അഷറഫ്, ഹക്കീം മാടത്താനി തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.
അയ്യപ്പന്റെ മാതൃസ്ഥാനീയരെന്നു വിശ്വസിക്കുന്ന അമ്പലപ്പുഴക്കാരുടെ തീർഥാടനവഴികളിൽ കളത്തിൽ ചന്ദ്രശേഖരൻ നായർ മുൻപേ നടന്നത് തുടർച്ചയായ 21 വർഷം. ഇക്കാലമത്രയും മതമൈത്രിയുടെ മഹോത്സവമായ എരുമേലിപ്പേട്ടയ്ക്ക് അമ്പലപ്പുഴ സംഘത്തിന്റെ നായകനായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ കാലം അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപ്പെരിയോൻ സ്ഥാനം വഹിക്കാനായത് അയ്യപ്പന്റെ കാരുണ്യമായാണ് അദ്ദേഹം കണ്ടിരുന്നത്.
ഏറ്റവും കൂടുതൽ തവണ ശബരിമല ദർശനം നടത്തിയ സാത്വികഭക്തനെയാണ് മൂപ്പുമുറയനുസരിച്ച് സമൂഹപ്പെരിയോനായി അവരോധിക്കുക. 1999-ൽ അന്നത്തെ സമൂഹപ്പെരിയോൻ രാമചന്ദ്രക്കുറുപ്പിന്റെ മരണശേഷമാണ് ചന്ദ്രശേഖരൻനായർ ഈ സ്ഥാനത്തെത്തിയത്.
അന്നുമുതൽ അമ്പലപ്പുഴക്കാരുടെ ആഴിപൂജകൾക്കും ശബരിമലയാത്രയ്ക്കും മുഖ്യകാർമികത്വം വഹിച്ചു. മകരവിളക്കുകാലത്ത്
മണിമല, എരുമേലി, പമ്പ വഴി സംഘവുമൊത്ത് പോകുന്നതു കൂടാതെ, എല്ലാ മലയാളമാസം ഒന്നാംതീയതിയും മീനത്തിലെ പൈങ്കുനി ഉത്രം പോലുള്ള വിശേഷാവസരങ്ങളിലും അയ്യപ്പ സ്വാമിയെ കാണുന്നതിൽ അദ്ദേഹം മുടക്കം വരുത്തിയില്ല.
സൗമ്യവും ശാന്തവുമായ പ്രകൃതത്താലും ആത്മശുദ്ധിയിൽ നിന്നടരുന്ന വാക്കുകളാലും നാടിന്റെ ഹൃദയത്തിൽ ഇടംപിടിച്ച വ്യക്തിയാണദ്ദേഹം. 2021-ൽ സമൂഹപ്പെരിയോൻ ചുമതല എൻ. ഗോപാലകൃഷ്ണപിള്ളയ്ക്കു കൈമാറിയാണ് ചന്ദ്രശേഖരൻനായർ സ്ഥാനമൊഴിഞ്ഞത്.
ശരണംവിളിയോടെയല്ലാതെ അദ്ദേഹം സംസാരിച്ചുതുടങ്ങാറില്ല. കോവിഡുകാലം വരെ മുടങ്ങാതെ എല്ലാമാസവും ശബരിമല ദർശനം നടത്തി. വിശ്രമജീ വിതത്തിലും ഭവനം സന്നിധാനമായി കരുതി അയ്യപ്പചിന്തകളും നാമജപങ്ങളുമായി കഴിഞ്ഞു. നടക്കാനുള്ള ബുദ്ധിമുട്ടു കാരണം ദി വസേനയുള്ള അമ്പലപ്പുഴ ക്ഷേത്രദർശനം മുടങ്ങിയെന്നുമാത്രം.
പ്രായത്തിന്റെ അവശതകളു ണ്ടായിരുന്നിട്ടും സ്ഥാനമൊഴിഞ്ഞശേഷവും അമ്പലപ്പുഴ സം ഘത്തെ ശബരിമലയ്ക്കു യാത്രയാക്കാൻ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തുമായിരുന്നു.
ഭാര്യ: പരേതയായ സുകുമാരിയമ്മ (റിട്ട. അധ്യാപിക). മക്കൾ: കെ.സി. ഹരി കുമാർ (അധ്യാപകൻ, കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ), കെ.സി. കൃഷ്ണകുമാർ (അസിസ്റ്റന്റ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്). മരുമക്കൾ: എസ്. മഞ്ജുഷ (മജിസ്ട്രേറ്റ് കോടതി, ഹരിപ്പാട്), ടി.ആർ. ജയാദേവി (അധ്യാപിക, ഭാരതീയ വി ദ്യാഭവൻ, രാമനാട്ടുകര). സഞ്ചയനം ഞായറാഴ്ച നടത്തി.
