KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഗണപതിയാർ കോവിലിലെ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ്‌സ്‌ക്വാഡും ഫൊറൻസിക് സംഘവും പരിശോധന നടത്തി.

കാഞ്ഞിരപ്പള്ളി ഗണപതിയാർകോവിലിലെ എട്ട് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഈമാസം തന്നെ ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടക്കുന്നത്. ശ്രീകോവിലടക്കം കുത്തിത്തുറന്നാണ് ഇവിടെ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചികളുടെ പൂട്ട് തകർത്ത് പണം മോഷ്ടിച്ചത്.

വഴിപാട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന വഴിപാട് പണവും രസീതികളും മോഷ്ടിച്ചിട്ടുണ്ട്. 15,000 രൂപ ഇവിടെ സൂക്ഷിച്ചിരുന്നതായിട്ടാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച രാവിലെ പൂജകൾക്കായി ശാന്തി എത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്. പണം അല്ലാതെ മറ്റ് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഉപദേവ പ്രതിഷ്ഠകളുടെയും സർപ്പക്കാവുകളിലും സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചികൾ ഒരുമിച്ച് ഒരു സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്. പണം മോഷ്ടിച്ച ശേഷം കാണിക്കവഞ്ചികൾ പുറത്ത് പൈപ്പിൻ ചുവട്ടിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കാണിക്കവഞ്ചിയിൽ വെള്ളമൊഴിച്ച് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.

ക്ഷേത്രവളപ്പിൽ ഗണപതിയാർകോവിലും ശിവൻകോവിലുമാണുള്ളത്. കോവിലുകളുടെ വാതിലുകൾ കുത്തി ത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. ഈമാസം തന്നെ ഇത് രണ്ടാമത്തെ മോഷണമാണ്. കഴിഞ്ഞ അഞ്ചിന് ക്ഷേത്രത്തിന്റെ മുൻഭാഗത്ത് റോഡരികിലുള്ള കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചിരുന്നു. അന്ന് ചില്ലറത്തുട്ടുകൾ ഉപേക്ഷിച്ച് നോട്ടുകൾ മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. അന്ന് ക്ഷേത്രപരിസരങ്ങളിൽ ക്യാമറ സ്ഥാപിക്കണമെന്ന് പോലീസ് അറിയിച്ചിരുന്നു. ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രമാണിത്. സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ഡോഗ്‌സ്‌ക്വാഡും ഫൊറൻസിക് പരിശോധന സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ ക്ഷേത്രമതിലിനോട് ചേർന്നുള്ള തോടിൻ്റെ ഭാഗം വരെ ഓടിയെത്തി. ഈ ഭാഗത്തുകൂടിയുള്ള ഇടവഴിയിലൂടെ രക്ഷപ്പെട്ടതായിട്ടാണ് പ്രാഥമിക വില യിരുത്തൽ.

മോഷണം നടത്തിയത് ഒരാളാണോ സംഘം ചേർന്നാണോയെന്ന് പോലിസിന് സ്ഥിരീകരിക്കാനായിട്ടില്ല. പ്രദേശത്തെ നിരീക്ഷണ ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. ദേശീയപാത 183-ൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയാണ് ക്ഷേത്രപരിസരമുള്ളത്.

error: Content is protected !!