ആനക്കല്ല്-പൊന്മല-പൊടിമറ്റം റോഡിന് അഞ്ച് കോടി
കാഞ്ഞിരപ്പള്ളി: ഗതാഗത യോഗ്യമല്ലാതായ ആനക്കല്ല്-പൊന്മല-പൊടിമറ്റം റോഡ് നവീകരിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അറിയിച്ചു. ബി.എം., ബി.സി. നിലവാരത്തില്‍ നവീകരിക്കാന്‍ ഭരണാനുമതിയും ലഭിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മഴക്കാലത്തിന് മുന്‍പേ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. പാറത്തോട് ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡിലൂടെ കടന്ന് പോകുന്ന റോഡാണിത്. കഴിഞ്ഞ ആറ് വര്‍ഷമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്ത റോഡില്‍ കുഴിയും വെള്ളക്കെട്ടുമായി കിടക്കുകയാണ്. കാഞ്ഞിരപ്പള്ളി പട്ടണത്തില്‍ പ്രവേശിക്കാതെ ദേശിയപാത 183നെയും ഈരാറ്റുപേട്ട റോഡിനെയും ബന്ധിക്കുന്ന റോഡാണിത്. ബൈപാസായി പണിത റോഡിലെ ടാറിങ്ങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടതോടെ ഗതാഗതവും ബുദ്ധിമുട്ടിലായി. റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായിട്ടുള്ള ആവശ്യത്തിനാണ് പരിഹാരമായിരിക്കുന്നത്.