ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ : ജില്ലാ പോലിസ് മേധാവി ഡി ശിൽപ ക്ക് എരുമേലി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി
എരുമേലി : ശബരിമല തീർത്ഥാടന കാലം അടുത്ത മാസത്തോടെ ആരംഭിക്കാനിരിക്കെ എരുമേലിയിലെ സ്ഥിതിഗതികൾ വിലയിരുത്തി കോട്ടയം ജില്ലാ പോലിസ് മേധാവി ഡി ശിൽപ. എരുമേലിയും ശബരിമല പാതകളും സന്ദർശിച്ചാണ് ജില്ലാ പോലിസ് മേധാവി തീർത്ഥാടന കാലം മുൻനിർത്തിയുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച് വിലയിരുത്തൽ നടത്തിയത് .
സന്ദർശനത്തിനിടെ ശക്തമായ മഴ മൂലം പരമ്പരാഗത കാനനപാതയിലെ കോയിക്കക്കാവ് പ്രദേശത്ത് എത്താൻ പോലിസ് മേധാവിക്ക് കഴിഞ്ഞില്ല. അതേസമയം കാളകെട്ടി ഇടത്താവളം സന്ദർശിക്കാൻ കഴിഞ്ഞു. എരുമേലി ടൗൺ, ക്ഷേത്രങ്ങൾ, മുസ്ലിം പള്ളി, ശബരിമല പാത എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വർധിച്ച സാഹചര്യത്തിൽ ഇത്തവണ കൂടുതൽ തീർത്ഥാടകർ ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻകാലങ്ങളിൽ റോഡ് ഗതാഗത സുരക്ഷക്കായിരുന്നു ക്രമീകരണങ്ങളിൽ പോലിസ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെങ്കിൽ ഇത്തവണ തീർത്ഥാടകരുടെയും നാട്ടുകാരുടെയും ആരോഗ്യ സുരക്ഷക്ക് കൂടി അതീവ പ്രാധാന്യം കോവിഡ് പ്രതിരോധം മുൻനിർത്തി നൽകേണ്ടതുണ്ട്.
എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയതെന്ന് ജില്ലാ പോലിസ് മേധാവി ഡി ശിൽപ പറഞ്ഞു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ബാബുക്കുട്ടൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സജിമോൻ, എരുമേലി എസ്.എച്ച്.ഒ. എം.മനോജ്, എസ്ഐ മാരായ സി എച്ച് സതീശ്, എം എസ് അനീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.