ക്യൂ നിൽക്കേണ്ട, ഓൺലൈനായി വിദേശ മദ്യം ബുക്ക് ചെയ്യാം ; പൊൻകുന്നം വിദേശമദ്യ വില്‍പനശാലയിലും ഓൺലൈൻ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി .

കാഞ്ഞിരപ്പള്ളി : സംസ്ഥാനത്ത് വിദേശമദ്യം ഇനി ഓൺലൈനായും ബുക്ക് ചെയ്യാം. പൊൻകുന്നം ഉൾപ്പെടെ കൺസ്യൂമർഫെഡിന്റെ എല്ലാ വിദേശമദ്യ വില്‍പന ശാലകളിലും ഓൺലൈൻ ബുക്കിങ് സംവിധാനം സജ്ജമായി. ഓൺലൈനായി പണമടച്ച് ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒടിപിയുമായി വില്‍പനശാലകളിലെത്തി ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാം.

fl.consumerfed.in എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്. ഈ വെബ്സൈറ്റില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒടിപി ലഭ്യമാകും. ഇതിന് ശേഷം പേര് നല്‍കി, മദ്യം വാങ്ങുന്നയാള്‍ 23ന് വയസ്സിന് മുകളിലുള്ള ആളെന്ന് സാക്ഷ്യപ്പെടുത്തണം. പിന്നീട് ആവശ്യമുള്ള വിദേശമദ്യം തിരഞ്ഞെടുക്കാം. ബീയറും വൈനുമടക്കം ലഭ്യമാണ്.

തിരഞ്ഞെടുക്കുന്ന മദ്യം കാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ ശേഷം പണം അടയ്ക്കണം. യുപിഐ, ഇന്‍റര്‍നെറ്റ് ബാങ്കിങ് , ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം അടയ്ക്കാം. മദ്യം ഡെലിവറിക്ക് തയാറാണെന്നുള്ള സന്ദേശവും ഒടിപിയും വാങ്ങുന്നയാളുടെ ഫോണിലെത്തും. ഇതുമായി നേരിട്ട് വില്‍പശാലയിലെത്തിയാല്‍ മദ്യം ലഭിക്കും.

മദ്യശാലകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കണ്‍സ്യൂമര്‍ഫെഡ് ഒാണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയത്. കോവിഡ് ലോക്ഡൗണ്‍ കാലത്തടക്കം മദ്യം ഒാണ്‍ലൈനായി ലഭ്യമാക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. മദ്യശാലയിലെ തിരക്ക് നിയന്ത്രിക്കണമെന്നും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.

error: Content is protected !!