KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തോമസ് ഐസക് ഹോംഗ്രോണിൽ

മൂന്നര ഏക്കറിൽ 112 റമ്പൂട്ടാൻ മരങ്ങൾ . 20 ലക്ഷം രൂപ വരുമാനം. അതും ഈ കോവിഡ് കാലത്ത്. അവിശ്വസിനീയമായി തോന്നി. അതുകൊണ്ടാണ് കാഞ്ഞിരപ്പള്ളിയിലെ ജോസ് ജേക്കബിന്റെ റമ്പൂട്ടാൻ തോട്ടം കാണാൻ പോയത്. തമിഴന്മാരുടെ ഒരു ടീം എല്ലാ മരങ്ങളും അടച്ച് എടുത്തിരിക്കുയാണ്. പറിക്കൽ, പാക്കിംഗ്, കൊണ്ടുപോകൽ എല്ലാം അവരുടെ ചുമതല. അഡ്വാൻസായി 20 ലക്ഷം രൂപയും നൽകി. റമ്പൂട്ടാൻ കൃഷി നമ്മുടെ ഇടനാട് പ്രദേശങ്ങളിലടക്കം ഏറ്റവും ലാഭകരമായ കൃഷിയായിരിക്കുമെന്ന് ഉറപ്പ്.
റമ്പൂട്ടാൻ പല പുരയിടങ്ങളിലും നിൽക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് ഒരു തോട്ടമായി കൃഷി ചെയ്യുന്നത് കാണുന്നത്. തന്റെ തറവാട്ടു മുറ്റത്തെ 75 വർഷം പ്രായമായ റമ്പൂട്ടാൻ മരമാണ് ഈ തോട്ടത്തിന്റെ പ്രചോദനമെന്ന് സംരംഭകനായ ജോസ് ജേക്കബ് പറഞ്ഞു (ചിത്രം 4). പ്രത്യേകിച്ചൊരു പരിചരണവുമില്ലാതെ 200-300 കിലോ പഴങ്ങൾ നൽകുന്ന ഈ മരം കുട്ടികൾക്കൊക്കെ വലിയ കൗതുകമായിരുന്നു. പക്ഷേ പഴത്തിന് എന്തോ വലിയ രുചിയുണ്ടായിരുന്നില്ല. ഇതിന്റെ മധുരമുള്ള ഇനങ്ങൾ ഉണ്ടാവുമോ? ഈ ചിന്തയാണ് ജോസ് ജേക്കബിനെ തെക്കുകിഴക്കൻ ഏഷ്യയിലെ പഴവർഗ്ഗങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ എത്തിച്ചത്.
ശ്രീലങ്ക, തായ്ലൻഡ്, ഫിലിപ്പൈൻസ് , വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കെല്ലാം ആ രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒട്ടേറെ തരം റമ്പൂട്ടാനുകളുണ്ട്. നല്ല ഇനങ്ങൾ ലഭിച്ചു കഴിഞ്ഞപ്പോഴാണ് വാണിജ്യകൃഷിയായാലെന്തെന്ന് ചിന്തിച്ചത്. റബ്ബർ വെട്ടിമാറ്റി കാത്തിരപ്പള്ളി 26-ാം മൈലിനടുത്ത് കടുപ്പാ ഫാമുണ്ടാക്കി. ഇപ്പോൾ 12 വർഷമായി . റമ്പൂട്ടാൻ രണ്ടാം വർഷം മുതൽ ചെറു വരുമാനം തന്നു തുടങ്ങും. 10-12 വർഷങ്ങൾ കൊണ്ടാണ് പൂർണ വളർച്ചയെത്തുക.
ഫാമല്ല പ്രധാന കാഴ്ച . 82 ഏക്കറിൽ 230 ജോലിക്കാരുമായി പരന്നു കിടക്കുന്ന ഹോം ഗ്രോൺ നഴ്സറിയാണ്. മാതൃകാ തോട്ടങ്ങളടക്കം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പഴവർഗ്ഗ നഴ്സറിയായി ഇത് വളർന്നു കഴിഞ്ഞു. നഴ്സറി യെക്കുറിച്ച് പിന്നെ എഴുതാം. വിവിധയിനം റമ്പൂട്ടാൻ തൈകൾ പലവളർച്ചയിലുള്ളത് നഴ്സറിയിൽ നിന്നും വാങ്ങാൻ ലഭിക്കും.
പഴതോട്ടങ്ങളോട് എന്താ പെട്ടെന്നൊരു താൽപര്യമെന്ന് ചിന്തിച്ചേക്കാം. കാട്ടാക്കടയിലെ കാർഷിക സമൃദ്ധി പരിപാടിയിൽ പുരയിടങ്ങളിൽ ഫലവൃക്ഷങ്ങൾ വച്ചു പിടിപ്പിക്കാനാണ് ഉദ്ദേശം. അതുകൊണ്ട് സംസ്ഥാനത്തെ ഏറ്റവും നല്ല ഫലവൃക്ഷ മാതൃകാ തോട്ടങ്ങൾ കണ്ടേക്കാമെന്ന് വച്ചു.
[www.homegrown.in | MOB: +91 9562066633] തോമസ് ഐസക്

റമ്പൂട്ടാനും ദുരിയനും മാത്രമല്ല, മാങ്കോസ്റ്റീൻ, വിയറ്റ്നാം പ്ലാവ്, ആവക്കാഡോ, പുളസാൻ, ലിച്ചി, ലോഗോംൺ, മിൽക്ക് ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്… ഇങ്ങനെ 30 ഇനം ഫലവൃക്ഷ തൈകൾ ഹോം ഗ്രോൺ ബയോടെക് നഴ്സറിയിൽ ലഭ്യമാണ്. ദേശീയ – സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുകളുടെ അംഗീകാരമുള്ള രാജ്യത്തെ ഏറ്റവും വലിയ പഴവർഗ്ഗ നഴ്സറികളിൽ ഒന്നാണിത്. മണിമലയാറിന്റെ തീരത്തുള്ള കുന്നിൻ ചരിവുകളിലായിട്ടാണ് 70-ൽപ്പരം ഏക്കറുകളിലായി ഇതു പരന്നുകിടക്കുന്നത്. ആദ്യം നൽകിയിരിക്കുന്ന ചിത്രങ്ങൾ കണ്ടാൽ മാത്രം മതി എത്ര പ്രകൃതിരമണീയമായ സ്ഥലമാണ് ഇതെന്നു മനസ്സിലാക്കാൻ. (ചിത്രം 1-6).ഈ നഴ്സറിയുടെ പ്രത്യേകത തായ്ലണ്ട്, ഫിലിപ്പൈൻസ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പഴ ഗവേഷണ സ്ഥാപനങ്ങളുമായുള്ള സജീവ ബന്ധമാണ്. ജോസ് ജേക്കബ് തന്നെ സ്ഥിരമായി ഈ രാജ്യങ്ങളിൽ പോകുകയും ഏറ്റവും പുതിയ സങ്കേതങ്ങളും രീതികളും ഉൾക്കൊള്ളുകയും ചെയ്യുന്നു.മറ്റൊന്ന്, ഹോം ഗ്രോൺ ബയോടെകിൽ തന്നെ വിപുലമായിട്ടുള്ള ലബോറട്ടറിയും ഗവേഷണ സംഘവും. (ചിത്രം 7-8). മുഖ്യമായ ഈ വിദേശ ഫലവൃക്ഷങ്ങൾ എങ്ങനെ നമ്മുടെ രാജ്യത്തെ കാലാവസ്ഥയിൽ ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടാമെന്നുള്ളതാണ്. അതുപോലെ തന്നെ നമ്മുടെ സാഹചര്യത്തിൽ ഇവയുടെ ഉൽപാദന ക്ഷമതയെ മോണിട്ടർ ചെയ്യുകയും പ്രോപ്പഗേഷൻ ടെക്നിക്കുകളുടെ പഠനങ്ങളും നടത്തുന്നു.എന്നാൽ എന്നെ ഏറ്റവുമധികം ആകർഷിച്ചത് ഇവിടുത്തെ ജൈവവള ഉൽപ്പാദന കേന്ദ്രമാണ്. അതിവിപുലമായ രീതിയിൽ ബഡ്ഡിംഗും മറ്റും നടത്തുന്നതുകൊണ്ടും ഏറെ ബയോമാസ്സ് വേയ്സ്റ്റും സൃഷ്ടിക്കപ്പെടുന്നുണ്ട്. അവയെല്ലാം വളരെ ശാസ്ത്രീയമായ രീതിയിൽ കമ്പോസ്റ്റ് ചെയ്യുന്നു. 1200 ടണ്ണാണ് ഇവിടുത്തെ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെ കപ്പാസിറ്റി. ഓരോ ബാച്ചും കൃത്യമായ C/N റേഷ്യോയും pH ഉം മൈക്രോബിയൽ കൂട്ടും ഉറപ്പുവരുത്തുന്നു. ശാസ്ത്രീയ കണക്കെടുപ്പ് അടക്കം മുഴുവൻ പ്രവർത്തനങ്ങളും യന്ത്രവൽകൃതമാണ്.യന്ത്രത്തിൽ നുറുക്കിയാണ് ഹരിത വേയ്സ്റ്റ് കമ്പോസ്റ്റ് ചെയ്യാൻ ഇടുന്നത്. ചകിരിച്ചോറ് കോഴി കൃഷിക്കാർക്കു സൗജന്യമായി എത്തിച്ചുകൊടുക്കുന്നു. എന്നിട്ട് കോഴിക്കാഷ്ടം അടങ്ങുന്ന ചകിരിച്ചോറ് തിരികെ വാങ്ങുന്നു. ഇതും ചാണകവും വേയ്സ്റ്റിനോടൊപ്പം ചേർക്കുന്നു. 13 ഇനം ജൈവവസ്തുക്കൾ ആവശ്യാനുസരണം കമ്പോസ്റ്റിംഗിന്റെ പല ഘട്ടങ്ങളിൽ ചേർക്കുന്നുണ്ട്. ഡ്രൈക്കോഡർമ്മ ഒരു അനിവാര്യഘടകമാണ്. 30 ദിവസംകൊണ്ട് പൂർണ്ണമായും കമ്പോസ്റ്റാകും. അപ്പോഴാണ് ആർക്കാ മൈക്രോബിയൽ കൺസോർഷ്യം ചേർക്കുക. പൂർണ്ണമായും ഫൈറ്റോസാനിറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നു. ഇത്തരത്തിലുള്ള പോട്ടിംഗ് മീഡിയം ഉപയോഗിക്കുന്നതു തൈകളുടെ ഗുണമേന്മ ഉയർത്തുന്നു.പ്രധാനപ്പെട്ട കാര്യം ഇതാണ് – നഴ്സറിയിലെ വേയ്സ്റ്റ് മുഴുവൻ നഴ്സറിയിലെ തൈകൾക്കുള്ള വളമായിട്ടു മാറുന്നു. പ്രകൃതിയുടെ സന്തുലനാവസ്ഥ ഇത്തരത്തിലുള്ള അവിരാമമായ ചക്രങ്ങളിലൂടെയാണ്. കേരളത്തിലെ മുഴുവൻ വേയ്സ്റ്റും കത്തിച്ച് വൈദ്യുതി ഉണ്ടാക്കിയോ ഗ്യാസാക്കി മാറ്റുകയോ ചെയ്യുന്ന ഒരു അവസ്ഥ ആലോചിച്ചു നോക്കിക്കേ. നമ്മുടെ ഭൂമി എത്ര ഊഷരമായിരിത്തീരും. വലിയ നഗരകേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള പദ്ധതികൾക്കു പ്രസക്തിയുണ്ടാവാം. എന്നാൽ കേരളത്തിലെ മാലിന്യസംസ്കരണത്തിന് ഇതൊരു കുറുക്കുവഴിയല്ല. നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും മാലിന്യം ചീഞ്ഞളിയാൻ അനുവദിക്കാൻ പാടില്ല. ഹരിതഗേഹ വാതകങ്ങൾ അവയിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടും. എന്നാൽ കമ്പോസ്റ്റിംഗ് വിഷവാതകങ്ങളുടെ ബഹിർഗമനം ഇല്ലാതാക്കും. രാസവള ഉപയോഗത്തെയും പരമാവധി കുറയ്ക്കും.തീർന്നില്ല, കമ്പോസ്റ്റ് ഉപയോഗിച്ചു കൃഷി ചെയ്യുമ്പോൾ മണ്ണിൽ കാർബൺ ഉറപ്പിക്കപ്പെടുന്നു. കൃഷിക്കു മാത്രമല്ല, കാലാവസ്ഥ വ്യതിയാനത്തിന് എതിരായ പ്രതിരോധത്തിലും കമ്പോസ്റ്റിംഗ് മുതൽക്കൂട്ടാണ്. ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ഹോം ഗ്രോൺ ബയോടെകിലെ കമ്പോസ്റ്റിംഗ് സംവിധാനം മനസ്സിലാക്കാനാണ്. ഒരു സീറോവേയ്സ്റ്റ് കമ്പനിയാണെന്നതാണ് ഈ സ്ഥാപനത്തിന്റെ വലിയൊരു മികവ്.

error: Content is protected !!