കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ വഴിവിളക്കിന്റെ ബാറ്ററികൾ മോഷ്ടിച്ചതായി പരാതി; 30 സൗരോർജ വഴിവിളക്കിന്റെ തൂണുകളിൽ സ്ഥാപിച്ചിരുന്ന 10,000 രൂപ വീതം വിലവരുന്ന 60 ബാറ്ററികളാണ് മോഷ്ടിച്ചത് ; നഷ്ടം ആറുലക്ഷം രൂപ .
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡിൽ കാഞ്ഞിരപ്പള്ളി മുതൽ തിടനാട് വരെ പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന 30 സൗരോർജ വഴിവിളക്കിന്റെ തൂണിൽ സ്ഥാപിച്ചിരുന്ന 60 ബാറ്ററികൾ ആരോ മോഷ്ടിച്ചതായി റോഡ് പരിപാലന കരാറുകാർ പോലീസിൽ പരാതി നൽകി. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല വരെയുള്ള 36 കിലോമീറ്റർ ഭാഗത്ത് 243 സൗരോർജ വഴിവിളക്കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അതിൽ 30 ബാറ്ററികളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.
റോഡ് പരിപാലന കരാറുകാർ എല്ലാ മാസവും നടത്തുന്ന പരിശോധനയിലാണ് ബാറ്ററികൾ മോഷ്ടിച്ചതായി കണ്ടെത്തിയത്. ഒരു ബാറ്ററിക്ക് 10,000 രൂപ വരെയാണ് വില വരുന്നത്. ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. റോഡ് പരിപാലന കരാറുകാർ പറഞ്ഞു.
കഴിഞ്ഞ മാസം 13-ന് സൗരോർജ വഴിവിളക്കിലെ അറ്റകുറ്റപ്പണികൾ നടത്തി ബാറ്ററികൾ പരിശോധിച്ചിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് ബാറ്ററികൾ മോഷ്ടിച്ചതായി അറിയുന്നത്.
കാഞ്ഞിരപ്പള്ളി മൂന്നാം മൈൽ ഭാഗത്ത് കഴിഞ്ഞ 26-ന് രാത്രിയിൽ രണ്ടുപേർ ചേർന്ന് ബാറ്ററി മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
ഒന്നാം തീയതിയാണ് പോലീസിൽ പരാതി നൽകുന്നത്. അതിന് ശേഷവും ബാറ്ററികൾ മോഷണം പോയതായി കരാറുകാർ പറയുന്നു. ഒന്നുവരെ നടത്തിയ പരിശോധനയിൽ 25 ബാറ്ററികളാണ് മോഷണം പോയത്.
