KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ കനത്ത നാശം

കാഞ്ഞിരപ്പള്ളി കഴിഞ്ഞ 3 ദി വസമായി പെയ്യുന്ന കനത്ത മഴയിലും വീശിയടിക്കുന്ന കാറ്റിലും കാഞ്ഞിരപ്പള്ളി താലൂക്കിൽ വ്യാപകനാശം. മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വിണ് 23 വീടുകൾക്ക് ഭാഗികമായ നാശമുണ്ടായി. പലയിടത്തും ഗതാഗതം തടസ്സമുണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്നു കമ്പി പൊട്ടി വൈദ്യുതിബന്ധം പല സ്ഥലങ്ങളിലും നിലച്ചു.

ദേശീയ പാതയിൽ കുന്നുംഭാഗം കണ്ണാശുപത്രിക്കു സമീപവും , പൊടിമറ്റം സെന്റ് ഡൊമിനിക്സ് കോളജിനു മുൻവശത്തും മരശിഖരങ്ങൾ ഒടിഞ്ഞു. കോളജിനു സമീപം ദേശീയപാതയോരത്തു നിന്ന വൻമരം കടപുഴകി കോളജ് മൈതാനത്തേക്കു പതിച്ചു. മരം ദേശീയപാതയിലേക്കു വീഴാതിരുന്നതു വൻഅപകടം ഒഴിവാക്കി. ഇതു കൂടാതെ കോളജിനു മുൻപിൽ ഒരു മരം ഒടിഞ്ഞ് മറ്റൊരു മരത്തിൽ തട്ടി അപകടാവസ്ഥയിൽ നിൽക്കുകയാണ്.

പാറത്തോട് – പിണ്ണാക്കനാട് റോഡിൽ ഇന്നലെയും മരം വീണു. കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ ഒന്നാം മൈലിൽ മരം വീണും കുരിശുങ്കൽ – കുറുക്ക് റോഡിൽ മരശിഖരം വീണും ഗതാഗതം തടസ്സപ്പെട്ടു. പട്ടിമറ്റം പാമ്പുരാംപാറയിൽ വൈദ്യുത പോസ്റ്റ് തകർന്നു വൈദ്യുതി ബന്ധം നിലച്ചു. ഫയർഫോഴ്സ് എത്തി മരങ്ങൾ വെട്ടിമാറ്റിയാണു റോഡുകളിലെ ഗതാഗതം പുനസ്ഥാപിച്ചത് .

കൂട്ടിക്കൽ വില്ലേജിൽ 7 വീടുകളും എരുമേലി വില്ലേജിൽ 6 വീടുകളും ചിറക്കടവ് വില്ലേജിൽ 5 വീടുകളും, ഇളങ്ങുളം, കൂവപ്പള്ളി, ഇടക്കുന്നം, കോരുത്തോട്, മുണ്ടക്കയം വില്ലേജുകളിൽ ഓരോ വീടും ഭാഗികമായി തകർന്നു.

ചിറക്കടവ് പഞ്ചായത്തിൽ പൊൻകുന്നം 20-ാം മൈൽ ഭാഗത്ത് പടിഞ്ഞാറ്റേടത്ത്, ജിജി തോമസ്, ആര്യങ്കുളം രാജു സെബാസ്റ്റ്യൻ, കുന്നേൽ കെ.എച്ച്.കബീർ, മഞ്ഞപ്പള്ളിക്കുന്ന് വാഴക്കൂട്ടത്തിൽ ഷാജി, ഇടത്തുംപറമ്പ് കീന്തനാനിക്കിൽ അജിത് മോൻ എന്നിവരുടെ വീടുകൾക്കാണു ഭാഗികമായി നാശമുണ്ടായത്.
വില്ലേജ് ഓഫിസർ ടി.ഹാരിസ്, സ്പെഷൽ വില്ലേജ് ഓഫിസർ, ബി.ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

പാറത്തോട് പഞ്ചായത്തിൽ പഴുമല കരിങ്ങോഴയ്ക്കൽ കെ.എ സ്.രഘുനാഥിന്റെ വീടിന്റെ മുകളിലേക്കു തേക്കുമരം ഒടിഞ്ഞുവീണു ഭാഗികമായി തകർന്നു.

എലിക്കുളം പഞ്ചായത്തിലെ 15-ാം വാർഡിൽ തച്ചനാമംത്തിൽ സുബ്രഹ്മണ്യന്റെ വീടിനു മുകളിലേക്കു ജാതിമരം കടപുഴകി വീണു നാശമുണ്ടായി. കൂവപ്പള്ളി ഒഴത്തിപ്പറമ്പിൽ ഹബീബിന്റെ വീടിനും ഭാഗിക നാശമുണ്ടായി. മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ മേഖലയിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ഗതാഗതം തടസ്സമുണ്ടായി. പോസ്റ്റുകൾ തകർന്നു കമ്പി പൊട്ടി വൈദ്യുതിബന്ധം നിലച്ചു.

error: Content is protected !!