കനത്ത മഴയിൽ അറയാഞ്ഞിലിമണ്ണ് പാലം മുങ്ങി : ആറ് മണിക്കൂറോളം നാട് ഒറ്റപ്പെട്ടു.
മുക്കൂട്ടുതറ : കനത്ത മഴയിൽ പമ്പാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇടകടത്തി – അറയാഞ്ഞിലിമണ്ണ് പാലം വെള്ളത്തിനടിയിലായി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ വെള്ളത്തിനടിയിലായ പാലത്തിൽ നിന്ന് ഉച്ച കഴിഞ്ഞു മൂന്ന് മണിയോടെയാണ് വെള്ളം ഇറങ്ങി തുടങ്ങിയത്. അതുവരെ നാട്ടുകാർ ഒറ്റപ്പെട്ട നിലയിലായിരുന്നു.
എല്ലാവരും അതീവ ആശങ്കയിലാണ് കഴിഞ്ഞത്. രാവിലെ വിവിധ ആവശ്യങ്ങൾക്കും മറ്റുമായി ഇടകടത്തി, മുക്കൂട്ടുതറ ഉൾപ്പടെ സ്ഥലങ്ങളിലേക്ക് പോയവരും ടാക്സി, ഓട്ടോറിക്ഷ വാഹനങ്ങളും തിരികെ നാട്ടിൽ വരാൻ കഴിയാത്ത അവസ്ഥയിൽ ബുദ്ധിമുട്ടി. രാവിലെ അറയാഞ്ഞിലിമണ്ണിൽ നിന്ന് നിരവധി പേർ പാലത്തിന് സമീപമെത്തി അക്കരെ കടക്കാൻ കഴിയാതെ മടങ്ങി. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളം പാലത്തിൽ വെള്ളം നിറഞ്ഞ നിലയിലായിരുന്നു. പത്തനംതിട്ട ജില്ലാ ഭരണകൂടവും റവന്യു വകുപ്പും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടായിരുന്നു. അടിയന്തിര സാഹചര്യം നേരിട്ടാൽ അറയാഞ്ഞിലിമണ്ണിൽ ക്യാമ്പ് തുറക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു.
പാലത്തിൽ വെള്ളം കയറുമ്പോൾ ആളുകൾ അക്കരെ കടക്കുന്നത് അപകട സാധ്യതയിലാണ്. വെള്ളം താഴ്ന്ന ശേഷം ആണ് മിക്കവരും പാലത്തിലൂടെ യാത്ര ചെയ്യുന്നത്. എന്നാൽ വെള്ളം ശക്തമായി പാലത്തിൽ ഒഴുകുമ്പോഴും ചിലർ അക്കരെ കടക്കാറുണ്ട്. ഇത് ഏറെ അപകടകരമാണെന്ന് നാട്ടുകാർ പറയുന്നു. ഒഴുക്കിൽ പെട്ട് പോകാൻ സാധ്യത ഏറെയുള്ളപ്പോൾ പാലത്തിലൂടെ നടന്നു പോകുന്നത് അപകടകരമാണെങ്കിലും ഇത് വകവെക്കാതെ ആണ് ചിലർ സഞ്ചരിക്കുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ പാലം മുങ്ങി യാത്ര തടസപ്പെടുമെന്ന ആശങ്കയിൽ ഭക്ഷണവും മരുന്നും മറ്റും വാങ്ങി വീട്ടിൽ സ്റ്റോക്ക് ചെയ്യുകയാണ് നാട്ടുകാരിൽ പലരും. 2018 ലെ പ്രളയത്തിലും തുടർന്നുള്ള പ്രളയത്തിലും പാലം വെള്ളത്തിനടിയിലായിരുന്നു. അന്ന് ഭക്ഷണവും അവശ്യ സാധനങ്ങളും കിട്ടാതെ ബുദ്ധിമുട്ടിയിരുന്നു. പാലം മുങ്ങുന്നതിന് മുമ്പ് അക്കരെ കടന്നവർ തിരിച്ചു വരാൻ കഴിയാതെ ഇടകടത്തിയിൽ സ്കൂളിൽ ആണ് ആഴ്ചകളോളം കഴിഞ്ഞത്. പൊട്ടിയ വൈദ്യുതി ലൈനുകൾ പാലത്തിന്റെ ഇരു കരകളിലും വലിച്ചു കെട്ടി ലൈനുകളിലൂടെ ഭക്ഷണവും മരുന്നും പെട്ടിയിലാക്കി അറയാഞ്ഞിലിമണ്ണിലേക്ക് നൽകേണ്ടി വന്നിരുന്നു. ഈ ഓർമ മുൻനിർത്തി ആണ് വീടുകളിൽ ഇപ്പോൾ ആവശ്യ സാധനങ്ങൾ കടം വാങ്ങിയും മറ്റും പലരും സ്റ്റോക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. കാലവർഷം കഴിയുന്നത് വരെ ബന്ധു വീടുകളിലേക്ക് മാറി താമസിക്കുകയാണ് പലരും.
