KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂവഞ്ചിയിൽ വീണ്ടും പാറമടയ്ക്ക് നീക്കം; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

മുണ്ടക്കയം ഈസ്റ്റ് : പ്രളയബാധിത മേഖലയായ പൂവഞ്ചിയിൽ പാറ പൊട്ടിക്കാനുള്ള അനുമതി നേടാൻ നീക്കം. പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത്. നിലവിൽ രണ്ട് പാറമടകൾ പ്രവർത്തിപ്പിച്ചിരുന്ന സ്ഥലത്താണ് വീണ്ടും പാറമട ആരംഭിക്കാനുള്ള നീക്കം നടക്കുന്നത്.

2021 ൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തിന് സമീപമാണ് പാറമട പ്രവർത്തിപ്പിക്കാൻ നീക്കം നടക്കുന്നത്. മുണ്ടക്കയം ടൗണിൽ നിന്നും നോക്കിയാൽ കല്ലേപ്പാലത്തിനു അഭിമുഖമായി കാണുന്ന വലിയ പാറമട ഉൾപ്പെടെ രണ്ട് പാറമട ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്നു. ഇപ്പോൾ നിയമപരമായി ഇവയുടെ പ്രവർത്തനം നിർത്തിവച്ചിരുന്നു എങ്കിലും അധികൃതരുടെ മൗനാനുവാദത്തോടെ കല്ല് പൊട്ടിക്കൽ നടക്കുന്നുണ്ട്. ഇതോടൊപ്പം. രണ്ട് സ്വകാര്യ പുരയിടങ്ങളിൽ നിന്നും കല്ല് പൊട്ടിച്ച് കടത്തുന്നതായി വിവരം ഉണ്ടായിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.

ഇതിനിടെയാണു സ്വകാര്യ വ്യ ക്തിയുടെ പുരയിടത്തിലെ പാറ പൊട്ടിക്കാൻ എന്ന രീതിയിൽ ഇടുക്കി കലക്ടറേറ്റിൽ അനുവാദം തേടിയിരിക്കുന്നത്. കലക്ടറേറ്റിൽ നിന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് പൊലീസ് പൂവഞ്ചി പ്രദേശത്ത് എത്തി ആളുകളുടെ അഭി പ്രായങ്ങൾ ചോദിച്ച് റിപ്പോർട്ട് സമർപ്പിച്ചതായാണു അറിയാൻ കഴിയുന്നത്.

കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശമായ പൂവഞ്ചി, കുട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളി, താളുങ്കൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലുകളിൽ 21 ജീവനുകളാണ് 2021ൽ നഷ്ടമായത്, പുല്ലകയാർ മണിമലയാർ എന്നിവ കരകവിഞ്ഞ് ഒഴുകിയതൂ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.

കുട്ടിക്കൽ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന നാല് പാറമടകൾ മുൻപ് ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിയിരുന്നു. കൂടുതൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാനായി പാറമടകൾ പ്രവർത്തിക്കാൻ അനുമതി നൽകരുതെന്നാണ് ജനങ്ങളുടെ ആവശ്യം അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധം നടത്താനും നാട്ടുകാർ തയാറെടുക്കുകയാണ്.

error: Content is protected !!