ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു ; മരിച്ചത് പൊൻകുന്നത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന സിന്ധു.
പള്ളിക്കത്തോട് : കഞ്ചാവിന് അടിമയായ മകൻ അമ്മയെ വാക്കത്തിക്ക് വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളിയിൽ കയ്യൂരി പുല്ലാങ്കതകിടിയിൽ അടുകാണിയിൽ വീട്ടിൽ സിന്ധു (46) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ മകൻ അരവിന്ദ് (26)നെ പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8:30 ഓടെ ആയിരുന്നു സംഭവം. ലോക ലഹരിവിരുദ്ധ ദിനത്തിൽ നാടൊരുമിച്ച് ലഹരിക്കെതിരെ പോരാടുന്നതിനിടയിലാണ് ദാരുണ സംഭവം നടന്നത് .
മുമ്പ് ജെസിബി ഡ്രൈവർ ആയിരുന്ന ഇയാൾ കഞ്ചാവ് അടിമയായതോടെ ഇതുമായി ബന്ധപ്പെട്ട ചികിത്സയിൽക്കിടയിലാണ് മാതാവിനെ കൊലപ്പെടുത്തിയത്. സംഭവ സമയം അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാട്ടുകാർ ശബ്ദം കേട്ട് ഓടിയെത്തുമ്പോൾ കൊലപാതകത്തിന് ശേഷം അരവിന്ദ് അമ്മയുടെ മൃതദേഹത്തിന് സമീപം തന്നെ ഇരിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലപ്പെട്ട സിന്ധു പൊൻകുന്നം കോടതി പരിസരം കേന്ദ്രീകരിച്ച് ലോട്ടറി കച്ചവടം നടത്തി വരുകയായിരുന്നു.
സിന്ധുവിന്റെ ഇളയ മകൻ ആലപ്പുഴയിൽ വിദ്യാർത്ഥിയാണ്.
വാക്കത്തികൊണ്ട് സിന്ധുവിന്റെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയായ മകൻ അരവിന്ദ് വാക്കത്തിയുമായി അയൽപക്കത്തെത്തി അമ്മയെ വെട്ടിയെന്ന് പറയുമ്പോഴാണ് കൊടുംക്രൂരത നാടറിയുന്നത്. പോലീസിൽ അറിയിക്കണമെന്നും പ്രതി അരവിന്ദ് ആവശ്യപ്പെട്ടു. തുടർന്ന് അ യൽവാസി വിവരം പഞ്ചായത്തംഗങ്ങളെയും പോലീസിനെയും വിളിച്ച് അറിയിക്കുകയായിരു ന്നു.
ഏറെനാളായി അരവിന്ദ് ലഹരിക്ക് അടിമയാണെന്നും കഞ്ചാവ് അമിതമായി ഉപയോഗിച്ചിരുന്ന ഇയാൾക്ക് ഇതുമൂലം ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും നേരത്തെ കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ടന്നുമാണ് നാട്ടുകാർ പറയുന്നത്.
