കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അമ്മമാർക്കും കുട്ടികൾക്കും പുതിയ കെട്ടിടം വരുന്നു ; 6.16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ അത്യാധുനിക മറ്റേണിറ്റി കം ചൈൽഡ് ഹെൽത്ത് ( അമ്മയും കുഞ്ഞും ) ബ്ലോക്ക് നിർമിക്കുന്നതിനു 6.16 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് അറിയിച്ചു. സാങ്കേതിക അനുമതി കൂടി നേടുന്നതിനായി പദ്ധതി ടി.എസ്. കമ്മിറ്റി മുൻപാകെ പദ്ധതി സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആധുനിക നിലവാരത്തിലുള്ള സമഗ്ര മാതൃ ശിശു രോഗവിഭാഗം സജ്ജമാക്കാനാണു നാഷനൽ ഹെൽത്ത് മിഷൻ തുക അനുവദിച്ചത്.
പഴയ ഒപി കെട്ടിടം ഇരിക്കുന്ന സ്ഥലത്താണ് പുതിയ സ്ഥല കെട്ടിടം നിർമിക്കുന്നത്. ഇതിനായി പഴയ ഒപി കെട്ടിടവും സമീപത്തെ ഒറ്റനിലകെട്ടിടവും പൊളിച്ചുനീക്കും. ഒരു നിലയാണ് നിർമിക്കുന്ന കെട്ടിടം. ഭാവിയിൽ നാല് നിലവരെ പണിയാൻ സാധിക്കുന്നനിലയിൽ 10,000 ചതുരശ്രയടി വിസ്തീർണത്തിലാണ് നിർമിക്കുന്ന ത്. കാത്തിരിപ്പുഭാഗം, നാലുവീതം കിടക്കകളുള്ള ലേബർ ഡെലിവറി റിക്കവറി മുറികൾ (എൽഡിആർ), ഡെലിവറി സ്യൂട്ടുകൾ, മൂന്ന് കിടക്കകളുള്ള പോസ്റ്റ് ഓപ്പറേറ്റീവ് ഇന്റൻസീവ് കെയർ യൂണിറ്റ് (ഐസിയു), മോഡുലാർ ഗൈനക്കോളജി ഓപ്പറേഷൻ തിയേറ്റർ, പീഡിയാട്രിക് ഓപ്പറേഷൻ തിയേറ്റർ, നവജാതശിശുക്കളുടെ സ്റ്റെബിലൈസേഷൻ യൂണിറ്റ് (എൻബിഎസ്‌യു) എന്നിവയാണ് ആദ്യഘ ട്ടം ഉൾക്കൊള്ളിച്ചിരിക്കുന്നത്. എച്ച്എൽഎൽ ലൈഫ് കെയറാണ് കെട്ടിടത്തിന്റെ നിർമാണച്ചുമതല.
കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ ഡെലിവറി റിക്കവറി സ്യൂട്ട് (എൽഡിആർ സ്യുട്ട് ) ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കെട്ടിടത്തിൽ നിർമിക്കും. പ്രസവത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉപയോഗിക്കുന്നതിനായി രൂപകൽപന ചെയ്യുന്ന ആശുപത്രി മുറിയാണ് എൽഡിആർ സ്യൂട്ട് റും അല്ലെങ്കിൽ ലേബർ- ഡെലിവറി ആൻഡ് റിക്കവറി സ്യൂട്ട് . അമ്മയ്ക്ക് കൂടുതൽ മാന്യവും സുഖകരവു മായ പ്രസവാനുഭവം നൽകുകയാണ് ലക്ഷ്യം
ഗർഭകാലം മുതലുള്ള പരിശോധന, പരിചരണം, കൗൺസലിങ്, സുഖ പ്രസവം തുടങ്ങി ശസ്ത്രക്രിയ വരെ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായി ബുദ്ധിമുട്ടില്ലാത്ത സുഖപ്രസവം വരെ ഇവിടെ നിർവഹിക്കും
നിലവിൽ പ്രസവത്തിനു ആശുപത്രികളിൽ പലയിടങ്ങളിലും പല മുറികളിലുമായുള്ള ചികിത്സാ സംവിധാനങ്ങൾ മാറ്റി പകരം പരിചരണം മുതൽ പ്രസവത്തിനു വരെയുള്ള സൗകര്യങ്ങൾ ഒരു നിലയിൽ സ്ഥാപിക്കും ഇതിന്റെ ഭാഗമായി ലേബർ റൂമും ഓപ്പറേഷൻ തിയറ്ററും അനുബന്ധ സംവിധാനങ്ങളും അടുത്തടുത്തായിരിക്കും സ്ഥാപിക്കുക. അടിയന്തര ഘട്ടത്തിൽ അകലെയുള്ള കെട്ടിടത്തിലെ ഓപ്പറേഷൻ തിയ : റ്ററിലെത്തിക്കുന്നതു വരെയുള്ള അപകട സാധ്യത തുടങ്ങിയവ ഒഴിവാക്കുകയാണ് ലക്ഷ്യം. പരമ്പരാഗത രീതി മാത്രമല്ലാതെ കമ്പാനിയൻ ഡെലിവറിയും സാധ്യമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.
ആദ്യഘട്ടമായി പതിനായിരത്തോളം ചതുരശ്ര അടി വിസ്തീർണമുള്ള ഒരു നില കെട്ടിടം നിർമിക്കുന്നതിനാണു പദ്ധതി തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള ഗൈനക്കോളജി വിഭാഗവും കൂടി ചേർത്തിട്ടായിരിക്കും പുതിയ കെട്ടിടം നിർമിക്കുക. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി നിലവിൽ പ്രവർത്തിക്കുന്ന ഗൈനക്കോളജി വിഭാഗം നവീകരിച്ചിരുന്നു. പുതിയ കെട്ടിടത്തിൽ ആധുനിക ഡെലിവറി യൂണിറ്റിനു പുറമേ ഒ.പി., ഓപ്പറേഷൻ തിയറ്റർ, മറ്റു അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കും. അടുത്ത 2 ഘട്ടങ്ങളിലായി കൂടുതൽ ഒപി. ഐപി വിഭാഗങ്ങളും പീഡിയാട്രിക് വിഭാഗവും നിർമിക്കും.
ആശുപത്രിയിൽ നേരത്തെ ഒപി. ഓഫീസ് വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റിയ ശേഷം നിലവിലുള്ള ഗൈനക്കോളജി വിഭാഗത്തോടു ചേർന്നായിരിക്കും പുതിയ കെട്ടിടം നിർമിക്കുക. പഴയ കെട്ടിടം പൊളിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി വരികയാണെന്നു ആശുപത്രി മാനേജ്‌മെന്റ് സമിതി അറിയിച്ചു. നാഷനൽ ഹെൽത്ത് മിഷന്റെ അംഗീകൃത കൺസൽറ്റന്റായ ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിനാണു പ്രവൃത്തി നടപടികൾക്കായുള്ള ചുമതല.
