KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജൂനിയർ ആർട്ടിസ്റ്റുകളോടുള്ള ചൂഷണം അവസാനിപ്പിക്കണം: സിനി ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ

കൊടുങ്ങൂർ: സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റുകളായി ജോലി ചെയ്യുന്നവരോടുള്ള ചൂഷണം അവസാനിപ്പിക്കണമെന്ന് സിനി ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനപ്രസിഡന്റ് രാജേഷ് ബാലരാമപുരം ഉദ്ഘാടനം ചെയ്തു. ജൂനിയർ ആർട്ടിസ്റ്റുകളുടെ ശമ്പളമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചാൽ പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡന്റ് ജോൺസൺ ജോർജ് പള്ളിക്കത്തോട് അധ്യക്ഷത വഹിച്ചു.

മിനിമം 1200 രൂപ പ്രതിദിന ശമ്പളം നൽകുക, ഇടനിലക്കാരുടെ ചൂഷണം അവസാനിപ്പിക്കുക, എട്ടുമണിക്കൂർ ജോലിസമയം നടപ്പാക്കുക, അധികസമയ ജോലിക്ക് കൂടുതൽ വേതനം നൽകുക, സ്ത്രീകൾക്ക് വസ്ത്രം മാറാൻ സൗകര്യം ലഭ്യമാക്കുക, ശൗചാലയസൗകര്യം ഉറപ്പാക്കുക, സെറ്റിൽ എല്ലാവർക്കും ഒരേ ഭക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു.

പാസിങ് ഷോട്ടിലും ആൾക്കൂട്ടമായും അഭിനയിക്കാനെത്തുന്ന പലർക്കും ചില സെറ്റുകളിൽ നിന്ന് ശമ്പളം ലഭിക്കാറില്ലെന്നും പലതവണ അതിനായി വിളിച്ചാലും നടപടിയില്ലെന്നും ചില അഭിനേതാക്കൾ പരാതി പറഞ്ഞു. ഇപ്പോഴും പല സെറ്റുകളിൽ നിന്ന് ഇടനിലക്കാർ ഇവർക്ക് നാനൂറോ അഞ്ഞൂറോ രൂപ മാത്രമാണ് ശമ്പളം നൽകുന്നതെന്നും പരാതി ഉയർന്നു.

കേരളം, തമിഴ്‌നാട്, കർണാടക, ഖത്തർ, മസ്‌കറ്റ്, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ സംഘടന പ്രവർത്തിക്കുന്നുണ്ടെന്നും 7500-ഓളം അംഗങ്ങളുണ്ടെന്നും ഭാരവാഹികൾ വിശദീകരിച്ചു. പ്രശ്‌നപരിഹാരം തേടി അടുത്തമാസം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഭാരവാഹികളായി ലിസി ജോസ്(പ്രസി.), സ്വപ്‌ന ബേസിൽ(സെക്ര.), സുധി മഠത്തിൽ(ട്രഷ.), ഓമന രാജേഷ്, എം.കെ.ശാന്ത(ജോ.സെക്ര.), ഗോപീകൃഷ്ണൻ, ഷീബാ ജോസഫ്, ജയാ ജിബിൻ(വൈ.പ്രസി.), ഓമന രാജേഷ്, എം.കെ.ശാന്ത(ജോ.സെക്ര.), പി.എ.മാർട്ടിൻ, രോഹിണി ബാബു, മുരളി എരുമേലി, ജെയ്‌സൺ കെ.അൽഫോൺസ്(മേഖലാ കൺ.) എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!