അയ്യപ്പസംഗമത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചില്ല ; മല അരയ സംഘടന പ്രവർത്തകർ പ്രതിഷേധ ജ്വാല തെളിയിച്ചു.
എരുമേലി : പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ച മല അരയ സംഘടനയ്ക്ക് ക്ഷണം ലഭിച്ചില്ല. അതേസമയം ക്ഷണം ലഭിച്ച മല അരയ സംഘടനയാകട്ടെ പങ്കെടുത്തതുമില്ല. മല അരയ സംഘടനകൾ രണ്ടെണ്ണം ആണ് എരുമേലി, മുണ്ടക്കയം, പമ്പാവാലി ഉൾപ്പടെ ശബരിമല കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്നത്. ഒന്ന് ഐക്യ മല അരയ മഹാസഭയും മറ്റൊന്ന് അഖില തിരുവിതാംകൂർ മല അരയ മഹാസഭയും. ഇതിൽ ഐക്യ മല അരയ മഹാസഭ സംഘടനയ്ക്കാണ് സർക്കാർ ഭാഗത്തു നിന്നും ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നത്. എന്നാൽ സംഗമത്തിൽ പങ്കെടുക്കാതെ വിട്ടു നിന്ന ഈ സംഘടന അയ്യപ്പ സംഗമ ദിവസം വൈകിട്ട് വീടുകളിലും ക്ഷേത്രങ്ങളിലും പ്രതിഷേധജ്വാല തെളിയിക്കുകയും ചെയ്തു.
തിരുവിതാംകൂർ മല അരയ മഹാസഭ ആണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ച് സർക്കാരിന് കത്ത് നൽകിയിരുന്നത്. എന്നാൽ ഈ കത്തിന് മറുപടിയോ സംഗമത്തിലേക്ക് ക്ഷണനമോ ലഭിച്ചില്ല. ഇത് മൂലം ഈ സംഘടനയും സംഗമത്തിൽ വിട്ടു നിന്നു.
ശബരിമല പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം തിരിച്ചു കിട്ടണമെന്ന ആവശ്യം ഉയർത്തിയാണ് പമ്പയിൽ അയ്യപ്പ സംഗമം നടന്ന ദിവസം വൈകിട്ട് മല അരയ മഹാസഭയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലകൾ തെളിയിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങളിൽ പ്രതിഷേധ ജ്വാല തെളിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു. ഒപ്പം ആരാധനാ കേന്ദ്രങ്ങളിലും മല അര മഹാസഭയുടെ പ്രവർത്തകരെത്തി പ്രതിഷേധ ജ്വാല തെളിയിച്ചിരുന്നു. ശബരിമലയുടെ 18 മലകളിൽ ഒന്നായ ഇഞ്ചിപ്പാറമലയിലെ മൂഴിക്കൽ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാല തെളിയിച്ചത്.
ക്ഷേത്രത്തിൽ 2012 മുതൽ സൂക്ഷിച്ചിരിക്കുന്ന കെടാവിളക്കിനു മുന്നിൽ ദിപം തെളിയിച്ചു നടത്തിയ പ്രതിഷേധത്തിൽ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് എം കെ സജി, ജനറൽസെക്രട്ടറി പി കെ സജീവ്, വൈസ് പ്രസിഡൻറ് ഷൈല ജനാരായണൻ, സെക്രട്ടറി സനൽ കുമാർ കാവനാൽ, വനിതാ സംഘടന സംസ്ഥാന പ്രസിഡൻറ് അജിത ഉദയകുമാർ, ജില്ലാ സെക്രട്ടറി കെ കെ രാജൻ, ജില്ലാ പ്രസിഡന്റ് കെ ഡി രാധാകൃഷ്ണൻ, ശ്രി അയ്യപ്പ ധർമ്മസംഘം ഭാരവാഹികളായ സി എൻ മധുസൂദനൻ, വി പി രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു. ആഗോള അയ്യപ്പ സംഗമത്തിൽ ഉൾപ്പെടുത്തണമെന്ന് അറിയിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന് അഖില തിരുവിതാംകൂർ മല അരയ മഹാസഭ ഭാരവാഹികളായ പ്രസിഡന്റ് കെ ബി ശങ്കരൻ, ജനറൽ സെക്രട്ടറി പി കെ ശശി, ഖജാൻജി പി ബി ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് എം എസ് സതീഷ്, ജോയിന്റ് സെക്രട്ടറി ടി ഐ ലീല എന്നിവർ ചേർന്ന് കത്ത് നൽകിയിരുന്നു. ശബരിമല ഉൾപ്പെടുന്ന 18 മലകളിലും താമസിച്ചിരുന്നവരും പൂജാ കർമങ്ങൾ നടത്തി ക്ഷേത്രത്തെ സംരക്ഷിച്ചിരുന്നവരുമായ മല അരയ വിഭാഗം തദ്ദേശവാസീയരും ശബരിമല ക്ഷേത്രവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നും ഇത് മുൻനിർത്തി സംഗമത്തിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാണ് മന്ത്രിക്ക് നൽകിയ കത്തിൽ അറിയിച്ചിരുന്നത്. എന്നാൽ ഇതിന് മറുപടി ലഭിക്കാതെ വന്നതോടെ ആണ് സംഗമത്തിൽ നിന്നും സംഘടന വിട്ടുനിന്നത്. ദേവസ്വം ബോർഡ് ശബരിമല ക്ഷേത്രം ഏറ്റെടുത്ത ശേഷവും അടുത്ത കാലം വരെയും ശബരിമല ക്ഷേത്രത്തിൽ തേനഭിഷേകം, വെടി വഴിപാട് എന്നിവ ഉൾപ്പടെ നടത്തിയിരുന്നത് മല അരയ വിഭാഗമായിരുന്നു.
