‘വീട്ടിൽ ഊണ്’ ന്റെ മറവിൽ വീട്ടിൽ മിനി ബാർ : റെയ്ഡിൽ കിട്ടിയത് 76 കുപ്പി മദ്യം.
എരുമേലി : പുറത്തു ബോർഡ് ” വീട്ടിൽ ഊണ് “. അകത്ത് മദ്യക്കച്ചവടം. ഇന്നലെ മദ്യ നിരോധനമായ ഒന്നാം തീയതിയും ഒപ്പം പുതുവത്സര ദിനവും ആയതോടെ ഇരട്ടി ലാഭത്തിലായിരുന്നു മദ്യത്തിന്റെ അനധികൃത വിൽപന. രഹസ്യ വിവരം കിട്ടിയ എക്സൈസ് സംഘം എത്തി വിശദമായി പരിശോധന നടത്തിയതോടെ ഒളിപ്പിച്ചു വെച്ചിരുന്ന 76 കുപ്പി മദ്യം കണ്ടെടുത്തു.
കറിക്കാട്ടൂരിൽ ആണ് വീട്ടിൽ ഊണ് ഹോട്ടലിന്റെ മറവിൽ നടന്ന മദ്യ വിൽപന പിടികൂടിയത്. ഹോട്ടൽ ഉടമ വി എസ് ബിജുമോനെ അറസ്റ്റ് ചെയ്തു. കേസെടുത്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. വീടിന്റെ മുകളിലത്തെ നിലയിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.
സർക്കാർ വക മദ്യവിൽപന ശാലയിൽ നിന്നും പലതവണകളിലായി മദ്യം വാങ്ങിച്ച് വീട്ടിൽ ശേഖരിച്ച് കമ്മീഷൻ വ്യവസ്ഥയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കും സെയിൽസ് വാഹനത്തിലെ ഡ്രൈവർമാർക്കും ആണ് മദ്യം വിറ്റിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് എരുമേലി റേഞ്ച് ഇൻസ്പെക്ടർ കെ എച്ച് രാജീവ്, അസി. ഇൻസ്‌പെക്ടർ മുഹമ്മദ് അഷ്റഫ്, പ്രിവന്റീവ് ഓഫീസർമാരായ വി എസ് ശ്രീലേഷ്, മാമൻ ശാമുവേൽ, പി ആർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ വി പ്രശോഭ്, വനിത സിവിൽ ഓഫീസർ അഞ്ജലി കൃഷ്ണ, ഡ്രൈവർ ഷാനവാസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
