പട്ടണത്തെ ശുചിയാക്കാൻ കാഞ്ഞിരപ്പള്ളിയിൽ മെഗാ ക്ലീനിങ് .
കാഞ്ഞിരപ്പള്ളി പട്ടണത്തെ ശുചിയാക്കാൻ നടത്തിയ മെഗാ ക്ലീനിങ് വാൻ വിജയമായി . ടൗണിൽ മലിനമായി കിടന്നിരുന്ന സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്തു ശുചിയാക്കി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു മെഗാ ശുചീകരണം. കുരിശുങ്കൽ മുതലള്ള ദേശീയ പാതയോരവും പുത്തനങ്ങാടി റോഡ്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്.
പ്ലാസ്റ്റിക് അടക്കമുള്ള കൂട്ടിയിട്ടിരു ന്ന മാലിന്യം നീക്കം ചെയ്ത് കാട് കയറി ക്കിടന്നിരുന്ന ഭാഗങ്ങൾ വെട്ടിത്തെളിച്ചു. കാലാവസ്ഥയനുസരിച്ച് മറ്റൊരു ദിവസം ശുചീകരണ പ്രവർത്തനം നടത്തുമെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. പ്രസിഡന്റ്റ് സുനി പത്യാല ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, പഞ്ചായത്തംഗങ്ങൾ, സെയ്ന്റ് മേരീസ് സ്കൂൾ എൻ.എസ്.എസ്. വോളന്റിയേഴ്സ്, സന്നദ്ധ പ്രവർത്തകർ, ക്ലബ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, ഹരിതകർമസേന, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.
മാലിന്യം ഇടരുതെന്ന് നിർദേശിക്കാൻ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നടത്തിയ പരിശോധനയിൽ ബസ്സ്റ്റാൻഡിലെ പലകടകളും ലൈസൻസ് പുതുക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. കടകളിൽനിന്നുള്ള മാലിന്യം സ്വയം നിമാർജനം ചെയ്യണമെന്നും ലൈസൻസ് പതുക്കിയെടുക്കണമെന്നും നിർദേശം നൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ഇപ്പോൾ ശുചിയാക്കിയ സ്ഥലങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോത്തരുടെയും ചുമതലയാണ്. ഇതിനായി വ്യാപാരികളും പൊതുജനങ്ങളും ശ്രദ്ധിക്കണം.മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കണം.സ്ഥിരമായി മാലിന്യം തള്ളിയ സ്ഥലങ്ങളിൽ ഉദ്യാനം നിർമിക്കുകയോ, മറ്റ് പദ്ധതികളോ നടപ്പാക്കാൻ പഞ്ചായത്ത് യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല പറഞ്ഞു.
