KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്തെ ഗതാഗതക്കുരുക്ക് ചിറക്കടവ് പഞ്ചായത്തിന്റെ അവലോകനയോഗം.

പൊൻകുന്നം: പൊൻകുന്നം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മാർഗം തേടി ചിറക്കടവ് പഞ്ചായത്ത് അവലോകനയോഗം നടത്തി. പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികൾ, വ്യാപാരി, ഓട്ടോ ടാക്‌സി, ബസ് ഓപ്പറേറ്റേഴ്‌സ് പ്രതിനിധികൾ തുടങ്ങിയവരും പോലീസ്, മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. പങ്കെടുത്തവരുമായി ആലോചിച്ച് ഏതാനും നിർദേശങ്ങൾ ഉരുത്തിരിഞ്ഞുവെന്ന് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ പറഞ്ഞു. അവ നടപ്പാക്കുന്നതിനുളള സാധ്യതകൾ പഠിക്കുന്നതിന് യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ ഉൾപ്പെട്ട സംഘം വ്യാഴാഴ്ച പൊൻകുന്നം ടൗണിൽ പരിശോധന നടത്തും.

റോഡുകളിൽ പാർക്കിങ്, നോ പാർക്കിങ് മേഖല നിർണയിക്കണമെന്ന് യോഗത്തിൽ നിർദേശമുയർന്നു. ബസ് സ്റ്റാൻഡിന് സമീപം പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സിന് മുൻപിൽ റോഡിൽ വാഹനങ്ങൾ നിർത്തുന്നതൊഴിവാക്കാൻ കോംപ്ലക്‌സിന് മുന്നിലേക്ക് വാഹനം കയറ്റാൻ പാകത്തിന് നിർമാണം വേണം. ബസ് സ്റ്റാൻഡിന്റെ കവാടങ്ങളിൽ ബസ് നിർത്തരുതെന്നും ബസുകൾ അഞ്ചുമിനിട്ട് സമയം പാലിക്കണമെന്നും നിർദേശമുണ്ട്.

പുനലൂർ-പൊൻകുന്നം റോഡ് സംഗമിക്കുന്ന കവലയിൽ ബസ് നിർത്താതെ മുസ്ലിം പള്ളിക്ക് സമീപം സ്റ്റോപ്പ്, കെ.വി.എം.എസ്.കവലയിൽ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വുഡ് പാലസിന് സമീപം സ്റ്റോപ്പ്, കോട്ടയം, ചങ്ങനാശ്ശേരി ഭാഗത്തേക്ക് ഇന്ത്യൻ കോഫി ഹൗസിന് സമീപം സ്റ്റോപ്പ് എന്നിങ്ങനെയും നിർദേശം വന്നു. ട്രാഫിക് ജങ്ഷന്റെ 50 മീറ്റർ ചുറ്റളവിൽ പാർക്കിങ്ങിനും തിരക്കുള്ള ഭാഗങ്ങളിൽ വഴിയോരക്കച്ചവടത്തിനും നിയന്ത്രണം വേണമെന്നും ആവശ്യമുയർന്നു.
ടൗണിലും റോഡരികിലും വാഹനം പാർക്ക് ചെയ്ത് ജോലിക്കുപോകുന്നവർക്ക് പൊൻകുന്നത്തെ സ്വകാര്യ പാർക്കിങ് ഗ്രൗണ്ട് നടത്തിപ്പുകാരുമായി ചേർന്ന് ക്രമീകരണം ആലോചിക്കും.

ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്‌സുകളുടെ ഇടനാഴി പ്രയോജനപ്പെടുത്തി ദേശീയപാതയ്ക്കുകുറുകെ കാൽനടയാത്രക്കാർക്കായി മേൽപ്പാല സാധ്യത പരിഗണിക്കാൻ ദേശീയപാതാ വിഭാഗത്തോട് ആവശ്യപ്പെടാനും തീരുമാനമുണ്ട്. പുനലൂർ റോഡ് ടൗണിൽ പ്രവേശിക്കുന്നിടത്തും ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതകളും ദേശീയപാതാ വിഭാഗവുമായും പൊതുമരാമത്ത് വകുപ്പുമായും ആലോചിക്കും.

error: Content is protected !!