KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജന്മനാട്ടിലും ജയരാജിനെ പിന്നിലാക്കി റോണി കെ ബേബിയുടെ അട്ടിമറി ജയം.

കാഞ്ഞിരപ്പള്ളി : പ്രൊഫസർ എൻ. ജയരാജിന്റെ ജന്മനാടായ കറുകച്ചാൽ പഞ്ചായത്തിൽ യു.ഡി.എഫാണ് ലീഡ് ചെയ്തത്.
എന്നാൽ റോണി കെ. ബേബിയുടെ ജന്മനാടായ കാഞ്ഞിരപ്പള്ളിയിൽ ലഭിച്ച 3888 വോട്ട് ലീഡും മണിമലയിലെ 2159 വോട്ട് ലീഡുമാണ് റോണിയെ അട്ടിമറി ജയത്തിലേക്കു നയിച്ചത്. മണ്ഡലത്തിലെ ആകെയുളള ഒമ്പതിൽ ആറു പഞ്ചായത്തിലും യു.ഡി. എഫ് ഭൂരിപക്ഷം നേടി. കാഞ്ഞിരപ്പള്ളി, മണിമല, വാഴൂർ, കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിൽ പ്രഫ. റോണി കെ. ബേബി ലീഡ് നേടിയപ്പോൾ പള്ളിക്കത്തോട്, ചിറക്കടവ്, വെളളാവൂർ പഞ്ചായത്തുകളിൽ മാത്രമാണ് ഡോ. എൻ. ജയരാജിന് ലീഡ്.
ഇരു പ്രൊഫസർമാരും, അഡ്വക്കേറ്റും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ കോൺഗ്രസിലെ പ്രഫസർ റോണി കെ. ബേബിയിലൂടെ കോൺഗ്രസിനും യു.ഡി.എഫിനും കാഞ്ഞിരപ്പള്ളിയിൽ അട്ടിമറി വിജയം നേടിത്തരുകയായിരുന്നു.
കന്നിയങ്കത്തിലൂടെ അതികായന്മാരായ കേന്ദ്രമന്ത്രി അഡ്വക്കേറ്റ് ജോർജ് കുര്യനെയും, ഗവൺമെൻറ് ചീഫ് വിപ്പും,മണ്ഡലത്തെ തുടർച്ചയായി 20 വർഷക്കാലം പ്രതിനിധീകരിക്കുകയും ചെയ്ത ഡോക്ടർ എൻ ജയരാജിനെയും പരാജയപ്പെടുത്തി നിയമസഭാംഗമായി മാറിയ യുവത്വത്തിന്റെ പ്രതീകമാണ് റോണി കെ. ബേബി . 2011ൽ രൂപവത്കൃതമായ പുതിയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഇത് കോൺഗ്രസിന്റെ കന്നിവിജയമാണ്. 2006- ൽ വാഴൂർ മണ്ഡലത്തിൽ നിന്നും വിജയിക്കുകയും തുടർന്ന്, പിറവി മുതൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തെ പ്രതിനിധാനം ചെയ്തത് കേരള കോൺഗ്രസ് (എം)ലെ ഡോ. എൻ. ജയരാജാണ്. എൽ.ഡി.എഫ്, യു ഡി. എഫ് മുന്നണികളിൽനിന്ന് മാറി മത്സരിച്ചു ജയിച്ചിട്ടുള്ള ഡോ. എൻ. ജയരാജ് 2011, 2016, 2021 തെരഞ്ഞെടുപ്പുകളിൽ ജയിച്ച് കാഞ്ഞിരപ്പള്ളിയിൽനിന്ന് ഹാട്രിക് ജയം നേടിയിരുന്നു. 2021ൽ എൽ.ഡി. എഫ് സ്ഥാനാർഥിയായി മത്സരിച്ച ജയരാജ് കോൺഗ്രസിലെ ജോസഫ് വാഴയ്ക്ക്കനെ 13,703 വോട്ടിനാണു പരാജയപ്പെടുത്തിയത്.

ഡോ. എൻ. ജയരാജ് ഇന്നവണ അഞ്ചാം മത്സരത്തിലാണ് പരാജയപ്പെട്ടത്. റോണി കെ .ബേബി- 56,646, എൻ. ജയരാജ്- 50,874, എൻ.ഡി.എ.സ്ഥാനാർഥി ജോർജ് കുര്യൻ-26,984 എന്നിങ്ങനെയാണ് വോട്ട്.
2021-ലെ തിരഞ്ഞെടുപ്പിൽ എൻ.ജയരാജ് 13,703 വോട്ടുകൾക്കാണ് വിജയിച്ചത്. എൽ. ഡി.എഫ് വിജയം പ്രതീക്ഷിച്ച മണ്ഡലത്തിലാണ് അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടായത്‌. എന്നാൽ കന്നി മത്സരത്തിനിറങ്ങിയ റോണി കെ.ബേബി പ്രതീക്ഷകൾ തെറ്റിച്ച് മുന്നേറി
.
എൽ.ഡി.എഫും, എൻ.ഡി .എ.യും പ്രചാരണം തുടങ്ങിയതിന് ശേഷമാണ് യു.ഡി.എഫ്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതു പോലും. ഒറ്റക്കെട്ടായ പ്രവർത്തനവും വികസന മുരടിപ്പ് ചൂണ്ടി കാട്ടിയുള്ള പ്രചാരണവും ഒപ്പം യു.ഡി.എഫ് തരംഗവും കാഞ്ഞിരപ്പള്ളിയിലെ വിജയത്തിന് കാരണമായി. ന്യൂനപക്ഷവോട്ടുകളും യു.ഡി.എഫിന് അനുകൂലമായി.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാ പഞ്ചായത്തിലും ഭൂരിപക്ഷം നേടിയ എൽ.ഡി.എഫിന് കാര്യമായ മുന്നേറ്റം ഉണ്ടായില്ല. കേരള കോൺഗ്രസ് (എം) ൻ്റെ പരമ്പരാഗത വോട്ടുകളിലുണ്ടായ കുറവും ജയരാജിന് തിരിച്ചടിയായി. കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിയിട്ടും എൻ.ഡി.എ.യ്ക്ക് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പിനേ ക്കാൾ 2173-വോട്ടുകളുടെ കുറവാണുണ്ടായത്. ജോർജ് കുര്യനിലൂടെ ന്യൂന പക്ഷവോട്ടുകൾ നേടാമെന്ന പ്രതീക്ഷ ഫലം ചെയ്തില്ല.കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് അധ്യാപകനാണ് റോണി. വാഴൂർ എൻ.എസ്. എസ്. കോളേജ് അധ്യാപകനാ യിരുന്നു ജയരാജ്.

    കാഞ്ഞിരപ്പള്ളി ആനക്കല്ല് കുന്നേൽ ഭവനത്തിലെ  48 കാരനായ പ്രഫ. റോണി കെ. ബേബി രാഷ്ട്രീയത്തിലെ സൗമ്യ മുഖങ്ങളിലൊന്നാണ്. പേരുകേട്ട പ്രാസംഗികനായ റോണി ,  കെ.പി.സി.സി വക്താവ്, ഡി.സി. സി ജനറൽ സെക്രട്ടറി കാഞ്ഞിരപ്പള്ളി സെന്റ്റ് ഡോമിനിക്സ് കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി  എന്നീ നിലയിൽ പ്രവർത്തിക്കുന്നു. 

2008ൽ ദേശീയതലത്തിൽ രാഹുൽ ഗാന്ധി നടത്തിയ ടാലന്റ് സേർച്ചിൽ മികവ് തെളിയിച്ച് കേരളത്തിലെ ആദ്യ സ്ഥാനത്ത് എത്തിയതിലൂടെയാണ് റോണി ശ്രദ്ധ നേടിയത്. ആനുകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ നാലു പുസ്തകങ്ങളും ആയിരത്തിലേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമാണ്. ഭരണവിരുദ്ധ വികാരം ഉണ്ടായാലും ഡോ. എൻ. ജയരാജിൻ്റെ വ്യക്തിപ്രഭാവത്തിലൂടെ ജയിക്കാനാവുമെന്ന എൽ.ഡി.എഫ് പ്രതീക്ഷയാണ് റോണി അട്ടിമറിച്ചത്.

error: Content is protected !!