പാതയോരങ്ങളിൽ അപകട ഭീഷണിയായി വൻമരങ്ങൾ. ഭീതിയോടെ യാത്രക്കാർ..
എരുമേലി : കാറ്റും മഴയുമെത്തി. എരുമേലിയുടെ പാതയോരങ്ങളിൽ അപകട ഭീഷണിയായി മരങ്ങൾ റോഡിലേക്ക് ചാഞ്ഞും, ചുവട് തെളിഞ്ഞ് മൺതിട്ടകളിലായും നിൽക്കുന്നു. എരുമേലി-റാന്നി സംസ്ഥാനപാതയുടെ ഭാഗമായ കനകപ്പലം, കരിമ്പിൻ തോട് വനപാതയോരത്തും എരുമേലി-മുണ്ടക്കയം സംസ്ഥാനപാതയിൽ പേരൂർത്തോട് ഭാഗത്തുമാണ് റോഡിലേക്ക് വീഴുന്ന രീതിയിൽ മരങ്ങൾ നിൽക്കുന്നത്. കഴിഞ്ഞ വർഷകാലത്തും പാതകളിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുത ലൈനുകൾ തകർന്ന് നിരവധി വൈദ്യുതത്തൂണുകൾ ഒടിഞ്ഞ സംഭവം ഉണ്ടായി. വാഹനത്തിന് മുകളിലും മരം വീണു. കഴിഞ്ഞ മാസം കനകപ്പലത്തിന് സമീപം മൂന്നിടത്താണ് റോഡിലേക്ക് മരങ്ങൾ വീണത്.
വീണ്ടും കാറ്റും മഴയുമായതോടെ പാതവഴി സഞ്ചരിക്കാൻ പേടിയാണ് വഴിയാത്രികർക്കും വാഹനയാത്രക്കാർക്കും. ദേശീയപാതയുടെ ഭാഗമായ പൊന്തൻപുഴ-പ്ലാച്ചേരി റോഡിലും വനത്തിലെ മരങ്ങൾ വില്ലൻമാരാകുന്നു.
അപകട സാധ്യതയുള്ള മരങ്ങളുടെ ലിസ്റ്റ് ജില്ലാ ഫോറസ്റ്റ് ഓഫീസർക്ക് നൽകിയതായും, അനുമതി ലഭിക്കുന്നതനുസരിച്ച് മുറിച്ച് മാറ്റുമെന്നുമാണ് കഴിഞ്ഞ വർഷം വനപാലകർ പറഞ്ഞത്. എന്നാൽ, നടപടിയൊന്നുമില്ല. വൈദ്യുത ലൈൻ തകർന്നും, വൈദ്യുത തൂണുകൾ ഒടിഞ്ഞും വൈദ്യുതി വകുപ്പിന് ഓരോ വർഷവും നഷ്ടക്ക് ണക്കുകൾ. ഒപ്പം അഗ്നിരക്ഷാ സേനയ്ക്ക് കഷ്ടപ്പാടും. ആശങ്കയിൽ വഴിയാത്രികരും. ട്രീ കമ്മിറ്റി കൂടി പ്രശ്നപരിഹാരം തേടുമെന്ന് പറഞ്ഞിരുന്നെങ്കിലും വാക്കുകളിലൊതുങ്ങി.
