തമ്പലക്കാട് പാതയോരത്ത് വെളിച്ചവുമില്ല കാടുംകയറി; മാലിന്യംതള്ളാൻ എളുപ്പം..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിന് ഇരുവശത്തും കാടു നിറഞ്ഞ് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. റോഡിന്റെ ഇരുവശത്തും വളവുകളിലടക്കം കാഴ്ചകൾ മറച്ചാണ് കാടുകൾ വളർന്നു പന്തലിച്ച് നിൽക്കുന്നത്. റോഡിന്റെ സംരക്ഷണ വേലിയിലടക്കം കാടുവളർന്ന് നിൽക്കുകയാണ്. റോഡിൽ കാടുവളർന്ന് നിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു. ഓശാന മൗണ്ട് മുതൽ മൂലമ്പുഴപ്പടി ഭാഗംവരെയുള്ള സ്ഥലത്താണ് കാട് പ്രശ്നമായി രിക്കുന്നത്.
വെളിച്ചവുമില്ല കാടുംകയറി; മാലിന്യംതള്ളാൻ എളുപ്പം
പാതയോരത്ത് കാടുവളർന്ന് നിൽക്കുന്നതും വെളിച്ചമില്ലാതത്തതുമാണ് പ്രദേശത്ത് മാലിന്യം കൊണ്ടുവന്നു തള്ളാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. നാളുകളായി പ്രദേശത്ത് മാലിന്യം തള്ളുന്നുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. രാത്രി കാലങ്ങളിലും പുലർച്ചെയുമായാണ് ഇരുട്ടിൻ്റെ മറവിൽ ഇവിടെ മാലിന്യം തള്ളുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽനിന്നാണ് ഇരുവശത്തേക്കും മാലിന്യം വലിച്ചെറിയുന്നത്. ഇതിനാൽ പലതും റോഡിൽതന്നെ വീണുകിടക്കുന്ന നിലയിലുമാണ്. മൃഗങ്ങളുടെ അവശിഷ്ടങ്ങളും മറ്റ് മാലിന്യവുമാണ് റോഡിലേക്ക് തള്ളിയിരിക്കുന്നത്.
കുറുനരിശല്യം
മാലിന്യം കുന്നുകൂടുന്നതോടെ തെരുവ് നായ്ക്കളുടെയും കുറുനരികളുടെ ശല്യവും ഇവിടെയുണ്ട്. രാത്രികാലങ്ങളിൽ ബസ്‌സർവീസ് കുറവായ പ്രദേശത്തേക്ക് കൂടുതലും ഇരുചക്രവാഹനങ്ങളിലാണ് യാത്ര. കുറുനരികളും നായ്ക്കളും വാഹനത്തിന് മുൻപിൽ ചാടുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. പ്രഭാതത്തിൽ ജോലി ക്ക് പോകുന്നവർക്കും പ്രഭാതസവാരിക്കാർക്കും ഇവയുടെ ശല്യം ബുദ്ധിമുട്ടാകുന്നുണ്ട്. മാലിന്യം തള്ളുന്നയിടത്തെ കാട് വെട്ടിത്തെള്ളിച്ച് സിസിടിവി സ്ഥാപിക്കണമെന്നാണ് പ്രദേശവാസി കളുടെ ആവശ്യം.
