മല അരയ മഹാസഭപ്രതിനിധി സമ്മേളനം
മുണ്ടക്കയം : ആദിവാസി സമുഹങ്ങളുടെ സംവരണ അവകാശങ്ങൾ കവർന്നെടുക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവർക്ക് എതിരെ ശക്തമായ നിയമ പോരാട്ടവും ജനകീയ സമരവും സംഘടിപ്പിക്കുമെന്ന് മല അരയ മഹാസഭയുടെ പ്രതിനിധി സമ്മേളനം പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ മുരിക്കുംവയൽ ശ്രീ ശബരീശ കോളജ്, ഇടുക്കി ജില്ലയിലെ നാടുകാണി ട്രൈബൽ ആർട്‌സ് ആൻഡ് സയൻസ് കോളജ് എന്നിവിടങ്ങളിൽ സർക്കാർ പുതിയതായി അനുവദിച്ച 4 എയ്ഡഡ് കോഴ്സുകൾക്ക് ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനായി സഭയുടെ ബജറ്റിൽ 34 ലക്ഷം രൂപ യോഗം ഉൾപ്പെടുത്തി. സമ്മേളനത്തിൽ 500-ലധികം പ്രതിനിധികൾ പങ്കെടുത്തു. പ്രതിനിധി യോഗത്തിൽ സഭാ പ്രസിഡന്റ് എം.കെ.സജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. സജീവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം.ബി. രാജൻ കണക്കുകൾ അവതരിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ ട്രൈബൽ സമൂഹത്തിന്റെ മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
ഇന്ത്യയിലെ ആദ്യ ട്രൈബൽ സർവകലാശാല സ്ഥാപിക്കുകയെന്നതാണ് സഭയുടെ അടുത്ത ലക്ഷ്യം. അതോടൊപ്പം സഭാ ആസ്ഥാന മന്ദിരം, ആതുര ശുശ്രൂഷാ സ്ഥാപനങ്ങൾ, കാളകെട്ടി ശബരി പിൽഗ്രിം സെന്റർ എന്നിവ ഉൾപ്പെടെയുള്ള വികസന പദ്ധതികൾ അതിവേഗം പൂർത്തിയാക്കാനും സമ്മേളനം തീരുമാനിച്ചു.
