KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പാറമടകുളത്തിൽ മുങ്ങി മരിച്ച രണ്ട് വിദ്യാർത്ഥികളുടെയും സംസ്കാരം ചൊവ്വാഴ്ച നടക്കും.

എരുമേലി : പ്രപ്പോസ് വാർഡിലെ കൊടിത്തോട്ടം ഭാഗത്തെ ഡെൽറ്റ പാറമടയിൽ വെള്ളം നിറഞ്ഞ കുളത്തിൽ ഇറങ്ങുന്നതിനിടെ മുങ്ങി അപകടത്തിൽ ദാരുണമായി മരിച്ച അയൽവാസികളും കൂട്ടുകാരുമായ രണ്ട് വിദ്യാർത്ഥികളുടെയും സംസ്കാരം ചൊവ്വാഴ്ച നടക്കും. കൊടിത്തോട്ടം ചീരംചേമ്പിൽ സന്തോഷ് – ലിസി ദമ്പതികളുടെ മകനും ഓട്ടോമൊബൈൽ വിദ്യാർത്ഥിയുമായ ആഷ്‌ലിൻ സന്തോഷ് (20), തടത്തിൽ സുധീഷ് – രഞ്ജു ദമ്പതികളുടെ മകനും പ്ലസ് വൺ വിദ്യാർത്ഥിയുമായ ആഷിർ സുധീഷ് (16) എന്നിവരാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടിന് കൊടിത്തോട്ടം പകൽവീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് 11 നാണ് സംസ്കാരം. ആഷിർന്റെ മൃതദേഹം വെച്ചൂച്ചിറ തോമ്പിക്കണ്ടം വലിയപതാൽ റേടീമിങ് ഗോസ്പൽ മിനിസ്ട്രീസ് സെമിത്തേരിയിലും ആഷ്‌ലിന്റെ മൃതദേഹം മുക്കൂട്ടുതറ പനയ്ക്കവയൽ ദി പെന്തകൊസ്ത് ഫെലോഷിപ് ഇന്ത്യ സെമിത്തേരിയിലും സംസ്‌ക്കരിക്കും. ആഷ്ബിൻ, ലിസമ്മ എന്നിവരാണ് മരണപ്പെട്ട ആഷ്‌ലിന്റെ സഹോദരങ്ങൾ. അബിയ ആണ് മരണപ്പെട്ട ആഷിറിന്റെ സഹോദരി.

അപകടമെത്തിയത് ഫുട്ബോൾ കളിക്ക് പോയി മടങ്ങുന്നതിനിടെ.

എരുമേലി : കഴിഞ്ഞ ദിവസം എരുമേലി കൊടിത്തോട്ടം പാറമടയിലെ കുളത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചത് കുളിക്കാൻ ഇറങ്ങിയത് മൂലമല്ലന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ മൊഴി നൽകി. തൊട്ടടുത്ത പറമ്പിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം ഫുട്ബോൾ കളിക്കാൻ പോയതായിരുന്നു അയൽവാസികളും വിദ്യാർത്ഥികളുമായ അഞ്ച് പേർ. മഴ മൂലം കളി നടന്നില്ല. തുടർന്ന് വൈകുന്നേരത്തോടെ ഇവർ തിരികെ മടങ്ങി. എളുപ്പം വരാൻ വേണ്ടിയാണ് പാറമട ഭാഗത്ത്‌ കൂടി വന്നത്. പ്രവർത്തനം ഇല്ലാതിരുന്നതിനാൽ പാറമടയിൽ ആരും ഇല്ലായിരുന്നു. വെള്ളവും മണ്ണും ചെളിയും നിറഞ്ഞ പാറമടക്കുളത്തിന് സമീപം നിന്ന് ഇവർ മൊബൈൽ ഫോണിൽ സെൽഫി ചിത്രങ്ങൾ അടക്കം പകർത്തി. വൈകുന്നേരം 5.20 ന് ഈ ചിത്രങ്ങൾ എടുത്തു കൊണ്ടിരിക്കെ തന്നെ ഇവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തിരുന്നു. തുടർന്നാണ് കുളത്തിൽ ഇറങ്ങിയത്.

അൽപ്പം മുന്നോട്ട് നീങ്ങിയ ആഷിർ ചെളിയിൽ താഴ്ന്നുപോയത് കണ്ട് രക്ഷിക്കാൻ ആഷ്‌ലിൻ പിന്നാലെ ഇറങ്ങി താഴ്ന്നുപോയി. ഇത് കണ്ട് മറ്റ് രണ്ട് വിദ്യാർത്ഥികൾ ഇറങ്ങി താഴ്ന്നതോടെ ഒപ്പം ഉണ്ടായിരുന്ന ഒരു വിദ്യാർത്ഥി അവസാനം ഇറങ്ങിയ രണ്ട് പേരെ ഏറെ പ്രയാസപ്പെട്ട് വലിച്ചു പൊക്കി എടുത്തു. എന്നാൽ ആദ്യം താഴ്ന്ന ആഷിർ, ആഷ്‌ലിൻ എന്നിവരെ കണ്ടെത്താൻ കഴിഞ്ഞില്ല. കുറെയേറെ സമയം ബാക്കി മൂന്ന് പേർ കിണഞ്ഞു പരിശ്രമിച്ചിട്ടും ഇരുവരെയും കണ്ടെത്താൻ കഴിയാതെ വന്നതോടെ ഫോണിൽ വിളിച്ചു നാട്ടുകാരുടെ സഹായം തേടുകയും തുടർന്ന് പോലീസും ഫയർ ഫോഴ്‌സും എത്തി തിരച്ചിലിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു.

error: Content is protected !!