ചുഴുപ്പിൽ വൻമരം റോഡിലേക്ക് വീണ് ഒന്നര മണിക്കൂർ ഗതാഗത തടസ്സം
മുണ്ടക്കയം ഈസ്റ്റ് ∙ മഴ തുടരുന്ന സാഹചര്യത്തിൽ ഹൈറേഞ്ച് പാതയിൽ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്നു. വൻമരം കടപുഴകി റോഡിലേക്ക് വീണെങ്കിലും ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറി. പെരുവന്താനം ചുഴുപ്പിൽ ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. റോഡരികിൽ നിന്ന വലിയ മരം കടപുഴകി വീഴുകയായിരുന്നു. വൈദ്യുതലൈനുകൾ തകർത്ത് റോഡിലേക്കു വീണ മരം അഗ്നിരക്ഷാസേന എത്തി വെട്ടിനീക്കി. ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത് മഴയിൽ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. വെള്ളി വൈകിട്ടു മുതൽ തുടങ്ങിയ മഴ അൽപം ശമിച്ചത് ഇന്നലെ രാവിലെ 11 മണിയോടെയാണ്. ശക്തിയായി പെയ്യുന്നില്ലെങ്കിലും നീണ്ടുനിൽക്കുന്ന മഴയാണ് മലയോര പ്രദേശങ്ങളിൽ അപകട സാധ്യത വർധിപ്പിക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴ മണ്ണിടിച്ചിൽ സാധ്യത വർധിപ്പിക്കും.
ഹൈറേഞ്ച് പാതയിൽ 35–ാം മൈൽ മുതൽ മുകളിലേക്ക് മുറിഞ്ഞപുഴ വരെ റോഡിൽ മരങ്ങളും വൻ മൺമലകളും അപകട സാധ്യതയായി നിലനിൽക്കുന്നു. മഴയിൽ മരങ്ങളുടെ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നതാണു മരങ്ങൾ കടപുഴകി വീഴാൻ കാരണംമുൻപ് മരുതുംമൂട് കവലയിൽ വലിയ മരം കടപുഴകി വീണിരുന്നു. അന്നും ആളുകൾ റോഡിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇതെത്തുടർന്ന് അപകട സാധ്യതയായി നിലനിൽക്കുന്ന ചില മരങ്ങൾ മുറിച്ചുനീക്കി എങ്കിലും ഇപ്പോഴും വീഴാൻ സാധ്യതയുള്ള മരങ്ങൾ ഏറെയുണ്ട്. വലിയ മൺതിട്ടയിൽ മുകളിൽ നിൽക്കുന്ന മരങ്ങൾ കടപുഴകി വീണാൽ മണ്ണിടിച്ചിൽ സാധ്യത വർധിക്കും.
റോഡിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി വീണ മരങ്ങൾ അനേകം വൈദ്യുത തൂണുകളും ലൈനുകളും തകർത്തിട്ടുണ്ട്. വൈദ്യുതി ഇല്ലാതിരുന്നതിനാൽ അപകടങ്ങൾ ഉണ്ടായില്ല. അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളും മൺതിട്ടകളും കണ്ടെത്തി ഈ ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.