കിണർ വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി മലവെള്ളം കുതിച്ചെത്തി, കിണർ ഇടിഞ്ഞെങ്കിലും, മൂന്ന് പേർ അദ്‌ഭുതകരമായി രക്ഷപ്പെട്ടു

പമ്പാവാലി: മൂക്കംപെട്ടിയിൽ കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ നിന്ന് കിണർ വൃത്തിയാക്കികൊണ്ടിരുന്ന ഉടമസ്ഥനും, സഹായത്തിനെത്തിയ തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂക്കംപെട്ടി തടത്തേൽ മനു, പുതുപ്പറമ്പിൽ റെജി, പുത്തൻവീട്ടിൽ ഷംസുദ്ദീൻ എന്നിവരാണ് വൻദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പെട്ടന്നുണ്ടായ ഉരുൾപൊട്ടലിൽ മൂക്കൻപെട്ടി – അരുവിക്കൽ തോട്ടിലൂടെ കുതിച്ചെത്തിയ മലവെള്ളത്തിന്റെ മർദ്ദം മൂലം വൃത്തിയാക്കികൊണ്ടിരുന്ന കിണർ അപ്രതീക്ഷിതമായി ഇടിഞ്ഞു താഴുകയായിരുന്നു.

കഴിഞ്ഞദിവസം മൂക്കംപെട്ടിയിലാണ് സംഭവം. മൂക്കംപെട്ടി-അരുവിക്കൽ തോടിന് സമീപമാണ് മനുവിന്റെ വീട്. ഒൻപതുകോൽ താഴ്ചയുള്ള കിണർ വെള്ളപ്പൊക്കത്തിൽ മൂടപ്പെട്ടു. മലിനമായ കിണർ വൃത്തിയാക്കുകയായിരുന്നു മൂവരും. ഷംസുദ്ദീൻ കിണറ്റിലിറങ്ങി മണ്ണുംചെളിയും വാരി കുട്ടയിൽ നിറയ്ക്കുകയും റെജിയും മനുവും കപ്പി ഉപയോഗിച്ച് വലിച്ച് കരയ്ക്കുകയറ്റുകയുമായിരുന്നു. പണിതീർന്ന് ഷംസുദ്ദീൻ കരയ്ക്കു കയറിയ ഉടനെയാണ് തോട്ടിലൂടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്. മൂവരും ഓടിമാറിയ സമയത്തിനുള്ളിൽ കിണർ ഇടിഞ്ഞു. ജീവൻ തിരികെ കിട്ടിയത് ഭാഗ്യമെന്ന് ഷംസുദ്ദീൻ പറയുന്നു.

error: Content is protected !!