പ്രളയബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കുവാൻ മലനാടും ഇൻഫാമും കൈ കോർക്കുന്നു ..

കാഞ്ഞിരപ്പള്ളി: പ്രളയബാധിത മേഖലകളിൽ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയും ഇൻഫാമും സംയുക്തമായി ജാതിമത ഭേദമെന്യേ അടിയന്തര സഹായങ്ങൾ എത്തിച്ചു നൽകിവരുന്നതായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ . മലനാടിന്റെയും ഇന്‍ഫാമിന്റെയും നേതൃത്വത്തിൽ പ്രളയബാധിത മേഖലയില്‍പ്പെട്ടവര്‍ക്കായി അഞ്ഞൂറില്‍പരം ഭക്ഷ്യകിറ്റുകളും മാട്രസുകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍ഫാം അംഗങ്ങള്‍ സമാഹരിച്ച തുക കൂടി ഉപയോഗിച്ചാണ് അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നത്. ഇന്‍ഫാം അംഗങ്ങളുടെ ത്യാഗം അഭിനന്ദനാര്‍ഹമാണെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
അരി, തേയില, കാപ്പിപ്പൊടി, ഉണക്കുകപ്പ, ബ്രെഡ്, വെളിച്ചെണ്ണ എന്നിവയടങ്ങിയ ഭക്ഷ്യകിറ്റുകളും മാട്രസുകളുമാണ് ദുരിതബാധിത മേഖലയില്‍ വിതരണംചെയ്യുന്നതെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച ഇന്‍ഫാം ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് ഭവനരഹിതരായ ഇന്‍ഫാം അംഗങ്ങളുടെ പുനരധിവാസത്തിലും വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിവന്ന സഹായങ്ങളുടെ തുടര്‍ച്ചയായാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. കൂട്ടിക്കല്‍, കൊക്കയാര്‍, മുക്കുളം, വടക്കേമല, അഴങ്ങാട്, മുണ്ടക്കയം, ചെറുവള്ളി, പാറത്തോട് പ്രദേശങ്ങളില്‍ പ്രളയത്തെ തുടര്‍ന്ന് അടിയന്തര ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി മലനാട് എത്തിയിരുന്നു. മലയിടിച്ചിലില്‍ പൂര്‍ണമായും തകര്‍ന്ന പെരുവന്താനം – അഴങ്ങാട് – ആനചാരി റോഡ് ഗതാഗത യോഗ്യമാക്കുന്നതിനും മലനാട് നേതൃത്വം നല്‍കിയിരുന്നു. ക്ഷീര കര്‍ഷകര്‍ക്കാവശ്യമായ കാലിത്തീറ്റ വിതരണം ചെയ്യാനും ഇതിനോടകം സാധിച്ചു.
2018ലെ പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനമാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി നടത്തിയത്.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍, പ്രസിഡന്റ് എബ്രഹാം മാത്യു പന്തിരുവേലില്‍, മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല – താലൂക്ക് ഭാരവാഹികള്‍ പങ്കെടുത്തു.

error: Content is protected !!