KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രളയ ദുരിതബാധിത പ്രദേശങ്ങളിൽ സേവാഭാരതി നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരം ; തകർന്ന കൊക്കയാർ പാലത്തിന് പകരം താത്കാലിക പാലം നിര്‍മ്മിച്ച് നാടിന് രക്ഷകരായി..

മുണ്ടക്കയം : ഭൂരിഭാഗം സന്നദ്ധ പ്രവർത്തകരും, ഉരുള്‍പൊട്ടൽ നാശം വിതച്ച ചില പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ, ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് പോകുവാനായിരുന്നു സേവാഭാരതി പ്രവർത്തകരുടെ തീരുമാനം.
വെമ്പിളി, പ്ലാപ്പള്ളി, കുപ്പിപ്ലാഞ്ചോട്, മുക്കളം, ഇളംകാട്, കൊക്കയാര്‍… ആരുമെത്താനിടയില്ലാതിരുന്ന പ്രദേശങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ അവരെത്തി. മരം മുറിക്കുന്നതിനും മറ്റും ആധുനിക യന്ത്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും . പല സ്ഥലങ്ങളിലും അവ എത്തിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എങ്കിലും പ്രതിബന്ധങ്ങൾ മറികടന്ന്‌ അവർ സഹായമെത്തിച്ചു.

ഉരുള്‍പൊട്ടലില്‍ സര്‍വം നശിച്ച കൊക്കയാറിലും സമീപപ്രദേശങ്ങളിലും കുറഞ്ഞസമയം കൊണ്ട് പഴയജീവിതം തിരികെ നല്‍കുവാനുള്ള പരിശ്രമത്തിലായിരുന്നു സ്ത്രീകളടക്കം ആയിരത്തോളം സേവാഭാരതി പ്രവര്‍ത്തകര്‍. അവര്‍ കൊക്കയാര്‍ പാലത്തിന് പകരം അഞ്ചടി വീതിയില്‍ പന്ത്രണ്ട് മീറ്റര്‍ നീളത്തില്‍ പുതിയ പാലം നിര്‍മ്മിച്ചു. തകര്‍ന്ന കൊടുങ്ങ പാലത്തിന് പകരം ആറ്റുതീരത്ത് സമാന്തരപാത തീര്‍ത്തു. വെമ്പിളിയില്‍ ദേവീക്ഷേത്രവും എസ്എന്‍ഡിപി ഹാളും ശുചീകരിച്ചു. ചളിയും മണ്ണും നിറഞ്ഞ് മലിനമായിപ്പോയ നൂറോളം കിണറുകള്‍ ശുചീകരിച്ചു. ചപ്പാത്ത് പുഴയൊഴുക്കിനെ തടഞ്ഞുനിന്ന കൂറ്റന്‍ മരങ്ങള്‍ വെട്ടിമാറ്റി. കൂട്ടിക്കല്‍ ടൗണില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. നടപ്പാതകളും ഏന്തയാര്‍ റോഡും സഞ്ചാരയോഗ്യമാക്കി.

സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, സംഘടനാ സെക്രട്ടറി എം.ടി. കിരണ്‍ കുമാര്‍, സമിതി അംഗം ഡി. പ്രസാദ്, ജില്ലാ ജനറല്‍ സെക്രട്ടറി എം. മധു, സംഘടനാ സെക്രട്ടറി അരുണ്‍കുമാര്‍, സെക്രട്ടറിമാരായ കെ.ജി. രാജേഷ്, ദിനേശ് കല്ലറ, പൂഴിമേല്‍ രണരാജന്‍, ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് ഡി. ശശികുമാര്‍, സഹ സേവാ പ്രമുഖ് ആര്‍.രാജേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവര്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

error: Content is protected !!