ജൈവകൃഷിയിൽ നൂറുമേനി വിളവെടുത്ത് ഇഞ്ചിയാനി ഹോളിഫാമിലി സ്കൂൾ വിദ്യാർഥികൾ
മുണ്ടക്കയം: ജൈവ കൃഷിയിൽ നൂറുമേനി വിളവെടുത്ത് ഇഞ്ചിയാനി ഹോളിഫാമിലി സ്കൂളിലെ വിദ്യാർഥികൾ. ഹൈസ്കൂളിലെ ഒന്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന എട്ടോളം വിദ്യാർഥികളാണ് ജൈവകൃഷിയിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നത്.
സ്കൂളിനോടും പള്ളിയോടു ചേർന്നുള്ള തരിശുഭൂമിയിലാണ് വിദ്യാർഥികൾ ജൈവകൃഷി നടത്തുന്നത്. രണ്ടേക്കറോളം വരുന്ന സ്ഥലത്ത് പയർ, വെണ്ട, മുളക്, കാബേജ്, കൂർക്ക, കോവൽ, വഴുതന എന്നിങ്ങനെ പോകുന്നു കൊച്ചുമിടുക്കന്മാരുടെ കൃഷിയിനങ്ങൾ.
ലോക്ഡൗൺ കാലഘട്ടത്തിലാണ് ജൈവകൃഷി എന്ന ആശയം ഉദിക്കുകയും ഇതിനായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തത്. അന്ന് പരീക്ഷണാർഥം പയർ മാത്രമാണ് കൃഷി ചെയ്തത്. പദ്ധതി മികച്ച വിജയമായതോടെ ഈ വർഷം കൃഷി വിപുലമാക്കുകയായിരുന്നു. ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഇവിടെ ഉത്പാദിപ്പിച്ച ജൈവ ഉത്പന്നങ്ങൾ കിറ്റുകളാക്കി സമീപത്തെ വീടുകളിൽ എത്തിച്ച് വിദ്യാർഥികൾ മാതൃക കാട്ടിയിരുന്നു. ഇവരെ പ്രോത്സാഹിപ്പിക്കാനായി അധ്യാപകരും സ്കൂൾ മാനേജ്മെന്റും മാതാപിതാക്കളും ഒപ്പമുണ്ട്.
വിദ്യാർഥികളുടെ ഈ ഉദ്യമത്തിന് പിന്തുണയുമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, ജില്ലാ പഞ്ചായത്ത് മെംബർ പി.ആർ. അനുപമ തുടങ്ങി നിരവധി പ്രമുഖർ സ്കൂളിലെ ജൈവകൃഷി സന്ദർശിച്ചിരുന്നു. ജൈവ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് കല്ലൂപറമ്പത്ത്, കെ. രാജേഷ്, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.