അവഗണനയിൽ നീറി കൊക്കയാർ; പ്രതിഷേധം ശക്തമാകുന്നു
കൊക്കയാർ: മഹാപ്രളയത്തിൽ സർവതും നഷ്ടപ്പെട്ട കൊക്കയാർ നിവാസികളോട് അധികാരികൾ കാണിക്കുന്ന അവഗണനയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കൊക്കയാർ വില്ലേജ് ഓഫീസ് പടിക്കൽ 24 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു.
ആഴ്ചകളോളമായി ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഏഴു പേരുടെ മരണത്തിന് ഇടയാക്കിയ മാകൊച്ചിയിലെ ഉരുൾപൊട്ടൽ മേഖലയിൽ കുടിൽകെട്ടി സമരം നടത്തിയിരുന്നു. എന്നാൽ അധികാരികൾ തിരിഞ്ഞുനോക്കാതെ ആയതോടെയാണ് സമരം കടുപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്.
കല്ലുകൾ ഉരുട്ടി പ്രതിഷേധം
ഉരുൾപൊട്ടൽ മേഖലയിലെ താഴേക്ക് പതിക്കാറായ കല്ലുകൾ പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ താഴേക്ക് ഉരുട്ടിവിട്ടു. തുടർന്ന് പ്രളയബാധിത മേഖലയിൽ നിന്നും എടുത്ത കല്ലിൽ രക്തം പുരട്ടി വാ മൂടിക്കെട്ടി മാ കൊച്ചിയിൽ നിന്നും കൊക്കയാർ വില്ലേജ് ഓഫീസ് പടിക്കലേക്ക് പ്രതിഷേധ ജാഥ നടത്തി. തുടർന്ന് 24 മണിക്കൂർ നിരാഹാര സമരം ആരംഭിച്ചു.
പ്രളയബാധിതരെ അടിയന്തരമായി സഹായിക്കുക, ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുക, സ്ഥലം നഷ്ടപ്പെട്ടവർക്കു പകരം ഭൂമി നൽകുക, പൂവഞ്ചി തൂക്കുപാലം പുനർനിർമിക്കുക, നാരകംപുഴ കുടിവെള്ളപദ്ധതി പുനഃസ്ഥാപിക്കുക, ദുരന്ത മേഖലയിലെ ഭൂമി സംബന്ധിച്ച് വ്യക്തത വരുത്തുക, പുല്ലകയാറിന് ആഴം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
കൊക്കയാർ വില്ലേജ് ഓഫീസിന് മുന്പിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പി.ജെ. വർഗീസ് അധ്യക്ഷത വഹിച്ചു.
റോയ് കെ. പൗലോസ്, റവ. സെബാസ്റ്റ്യൻ, മിനി കെ. ഫിലിപ്, സജി മഞ്ഞക്കടന്പിൽ, ബിലാൽ റഷീദ്, അജി കെ. റാന്നി, ഇ.എസ്. ബിജു, അയ്യൂബ്ഖാൻ കടവുകര, നൗഷാദ് വെംബ്ലി, സണ്ണി തട്ടുങ്കൽ, ടോണി തോമസ്, എൻ.ഇ . ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി. സണ്ണി തുരുത്തിപ്പളളി, അയ്യൂബ് ഖാൻ കട്ടുപ്ലാക്കൽ, മാത്യു കന്പിയിൽ, ഷെമീർഖാൻ തുടങ്ങിയവരാണ് നിരാഹാരം നടത്തുന്നത്. സമരത്തിനോടൊപ്പം സർവമത പ്രാർഥനയും നടന്നു.