മണക്കാട്ട് അമ്പലത്തിൽ തീ ചാമുണ്ഡിതെയ്യം ഭക്തിയിൽ ആടിതിമിർത്തു ..
ചിറക്കടവ്: അരയിലും തലയിലും പന്ത്രണ്ട് വീതം തീ പന്തങ്ങള്‍ കെട്ടി തീ ചാമുണ്ഡി തെയ്യം മണക്കാട്ട് അമ്പലത്തിൽ പകർന്നാടിയപ്പോൾ , നൂറുകണക്കിന് ഭക്തർ അത്ഭുതാദരവുകളോടെ കൈകൾ കൂപ്പി പ്രാർത്ഥനാനിരതരായി.
രംഗത്ത് നിറഞ്ഞാടി കാഴ്ചക്കാരെ ഭക്തിയുടെ പാരമ്യതിയിച്ചപ്പോൾ തീ ചാമുണ്ഡി അഗ്നിപ്രവേശം നടത്തി. ചില ഭക്തരും തീക്കുണ്ഡത്തിലേക്ക് ചാടുകയും ചെയ്തു.
തോറ്റം പാട്ടിന്‍റേയും വാദ്യമേളങ്ങളുടേയും വായ്ക്കുരവകളുടേയും അകമ്പടിയോടെയാണ് തെയ്യത്തിനു തുടക്ക കുറിച്ചത്. പ്രശസ്ത തെയ്യം കലാകാരനായ കോഴിക്കോട് ശ്രീനിവാസനും സംഘവുമാണ് മണക്കാട്ട് അമ്പലത്തിൽ തെയ്യം കെട്ടിയാടിയത്. വടക്കന്‍ കേരളത്തിലെ അനുഷ്ഠാന കലകളില്‍ ഒന്നായ തെയ്യം മണക്കാട്ട് നാലാം തവണയാണ് എത്തുന്നത്.തീ ചാമുണ്ഡി, രക്തേശ്വരി, കരിംകുട്ടിചാത്തന്‍, ഭൂതം, ഘണ്ടാകര്‍ണ്ണന്‍ എന്നീ തെയ്യങ്ങളാണ് ആടിയത് . വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്താലും നീണ്ട വൃതാനുഷ്ടാനവും കൊണ്ടാണ് ഇത് സാധിക്കുന്നത്.തെയ്യം ഭക്തരെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ച് അനുഗ്രഹവും നല്‍കിയാണ് രംഗം അവസാനിച്ചത്.
25 മടല്‍ കുരുത്തോലയെങ്കിലും ഒരു തെയ്യത്തിന്‍റെ വഞ്ചികെട്ടുന്നതിനായി വേണം.കുരുത്തോല ഒരുക്കുന്നതിനായി മണിക്കൂറുകള്‍ വേണ്ടി വരും.കറുത്ത മഷി,മനയോല,ചായില്യം,അരിപ്പൊടി അരച്ചുണ്ടാക്കിയ ചാന്ത് എന്നിവയാണ് മുഖത്തെഴുത്തിനുപയോഗിക്കുന്നത്.ഇതുകൂടാതെ കാല്‍ത്തള,ചിലമ്പ്,വെള്ളിയില്‍ ഒരുക്കിയ തലപ്പാളി എന്നിവയും ഉണ്ടാവും.
ക്ഷേത്രാങ്കണത്തില്‍ ബുധനാഴ്ച രാവിലെ മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. വരയും ഒരുക്കും കാണുന്നതിനായി നിരവധി ഭക്തജനങ്ങളും സ്കൂള്‍കുട്ടികളും അമ്പലത്തിൽ എത്തിയിരുന്നു.