കാഞ്ഞിരപ്പള്ളി ചോദിക്കുന്നു; ഇങ്ങനെ പറഞ്ഞുപറ്റിക്കാമോ?
കാഞ്ഞിരപ്പള്ളി: വികസന വാഗ്ദാനങ്ങളുടെ ഒരു വർഷം കൂടി കാഞ്ഞിരപ്പള്ളിക്കു കടന്നുപോയി. പതിറ്റാണ്ടുകൾക്ക് മുന്പ് പ്രഖ്യാപിച്ചതോ സമീപകാലത്ത് പ്രഖ്യാപിച്ചതോ ആയ ഒരു പദ്ധതിയും നടക്കാത്ത ഏക നാടിതെന്നാണു കാഞ്ഞിരപ്പള്ളിക്കാരുടെ പരാതി. വാഗ്ദാന പെരുമഴയ്ക്ക് പുറമേ പ്രളയവും ഉരുൾപൊട്ടലും കൂടി വന്നതോടെ മറക്കാൻ ആഗ്രഹിക്കുന്ന വർഷമായി 2021 മാറി.
എന്നെങ്കിലും ബൈപാസ്
യാഥാർഥ്യമാകുമോ?
ടൗണിലെ ഗതാഗതക്കുരുക്ക് മാറ്റാൻ ബൈപാസ്… ഇത്തരമൊരു പദ്ധതിയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നെങ്കിലും ബൈപാസ് യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഇന്നു കാഞ്ഞിരപ്പള്ളിക്കാർക്കില്ല.
പ്രഖ്യാപിച്ച നാൾ മുതൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് ബൈപാസ് റോഡുകൾ. വർഷങ്ങളായി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ടൗണാണ് കാഞ്ഞിരപ്പള്ളി. പത്തുപേർ ഒത്തുകൂടിയാലോ ഒരു വാഹനം റോഡരികിൽ നിർത്തിയാലോ നിമിഷങ്ങൾക്കൊണ്ട് ടൗൺ ഗാതാഗതക്കുരുക്കിലാകും. രണ്ടു ബൈപാസുകളാണ് കാഞ്ഞിരപ്പള്ളിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. കിഫ്ബിയിൽ നിന്നു സർക്കാർഫണ്ട് ഉപയോഗിച്ചുള്ള മെയിൻ ബൈപാസും ത്രിതല പഞ്ചായത്തുകളുടെ ഫണ്ട്, എംപി, എൽഎൽഎ ഫണ്ടുകൾ ഉപയോഗിച്ച് ചിറ്റാർപുഴയോരത്തുകൂടി മിനി ബൈപാസും.
അൽഫോൻസ് കണ്ണന്താനം എംഎൽഎയായിരിക്കെയാണ് മെയിൻ ബൈപാസിന് തുടക്കമിട്ടത്. 2007-08ൽ സർക്കാർ ഫാസ്റ്റ് ട്രാക്കിൽ ഉൾപ്പെടുത്തി പ്രാരംഭപ്രവർത്തനങ്ങൾക്ക് 9.2 കോടി രൂപ അനുവദിച്ച് തുടക്കമിട്ടതാണ് ബൈപാസ് പദ്ധതി. ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നു മണിമല റോഡിനും ചിറ്റാർപുഴയ്ക്കും കുറകെ പാലം നിർമിച്ച് ടൗണ് ഹാളിന് സമീപത്ത് കൂടി പൂതക്കുഴിയിൽ ദേശീയപാതയിൽ പ്രവേശിക്കുന്നതാണ് നിർദിഷ്ട ബൈപാസ്. 1.65 കിലോമീറ്റർ ദൈർഘ്യമുള്ള ബൈപാസിൽ ഒരു പാലവും അഞ്ചു കലുങ്കുകളും നിർമിക്കും. ശരാശരി 15 മുതൽ 20 മീറ്റർ വരെയായിരിക്കും വീതി. എന്നാൽ, വേണ്ടരീതിയിൽ നടപടിക്രമങ്ങൾ നടക്കുന്നില്ലെന്നാണ് ആരോപണം. വർഷങ്ങളായിട്ടും പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നു ജനങ്ങൾ പറയുന്നു.
എന്നാൽ, ബൈപാസിനുള്ള ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾ ഈ മാസം പൂർത്തിയാകുമെന്ന് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. സ്ഥലമുടമകൾക്ക് നോട്ടീസ് നൽകി പണം നൽകാനുള്ള നടപടി കളക്ടർ തുടങ്ങി. അത് ഈ മാസം തന്നെ പൂർത്തിയാകുമെന്നും ബൈപാസിനുള്ള തടസങ്ങൾ നീങ്ങി ഉടൻ നിർമാണം ആരംഭിക്കുമെന്നും ജയരാജ് പറഞ്ഞു.
മിനി ബൈപാസ് നിർമാണവും ചലനമറ്റ നിലയിലാണ്. നിലവിൽ കാടുകയറിയ നിലയിലാണ് മിനി ബൈപാസ്. 2011 ൽ പദ്ധതി തയാറാക്കി 2012 ൽ ചിറ്റാർപുഴയുടെ ഒരു വശവും പുഴയോടു ചേർന്നുള്ള പുറന്പോക്കും കെട്ടിയെടുത്താണ് മിനി ബൈപാസിന്റെ നിർമാണം ആരംഭിച്ചത്. സംരക്ഷണഭിത്തി കെട്ടിയെടുത്ത് നിർമിച്ച വഴിയാണ് ഇപ്പോൾ കാടുകയറി നശിക്കുന്നത്. പൂർണമായ രൂപരേഖ ഇല്ലാതെ നിർമാണം ആരംഭിച്ചതാണു പദ്ധതി പാതിവഴിയിൽ നിലയ്ക്കാൻ കാരണം. ലോകബാങ്കിന്റെയും ധനകാര്യ കമ്മീഷന്റെയും ഫണ്ട് ഉപയോഗിച്ചാണു പണികൾ ആരംഭിച്ചത്. 1.20 കോടി രൂപ ചെലവഴിച്ചെങ്കിലും ചിറ്റാർപുഴയുടെ ഓരം കെട്ടിയെടുക്കുക മാത്രമാണ് ചെയ്തത്. പേട്ടക്കവലയിൽ നിന്നാംരംഭിച്ച് ചിറ്റാർ പുഴയോരത്തു കൂടി ടൗണ് ഹാളിനു സമീപത്ത് കുരിശുങ്കൽ ജംഗ്ഷനിൽ മണിമല റോഡിലെത്തുന്നതാണ് പദ്ധതി. എന്നാൽ, നടുഭാഗത്തുനിന്നു ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ഇന്നും ഇരുവശങ്ങളിലും എത്തിപ്പെടാതെ പാതിവഴിയിൽ നിലച്ചു കിടക്കുകയാണ്. ബൈപാസിന്റെ നിർമാണം ആരംഭിച്ച് ദേശീയപാതയിൽ പ്രവേശിക്കണമെങ്കിൽ ഇനിയും നിയമക്കുരുക്കുകൾ ഏറെയാണ്.
ഇല്ലായ്മകൾ മാത്രമുള്ള
ജനറൽ ആശുപത്രി
അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി. മലയോര മേഖലയിലെ സാധാരണക്കാരുടെയും നിർധനരുടെയും പ്രധാന ആശ്രയമാണ് ജനറൽ ആശുപത്രി. മലയോര മേഖലയിലും ഹൈറേഞ്ചിലും അത്യാഹിതങ്ങൾ ഉണ്ടാകുന്പോൾ ആദ്യം എത്തിക്കുന്നത് ഇവിടെയാണ്. എന്നാൽ, തീവ്രപരിചണ വിഭാഗവും വെന്റിലേറ്റർ സകര്യവുമില്ലാത്ത ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പഴക്കമുള്ള കെട്ടിടങ്ങളിൽ അസൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ആശുപത്രിക്കു വേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം ഇഴഞ്ഞാണു നീങ്ങുന്നത്. നിർമാണം പൂർത്തിയാകുന്പോൾ ഐസിയു ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ 4.80 കോടി രൂപ മുടക്കി അഞ്ചു നില കെട്ടിടത്തിന്റെ സ്ട്രക്ചർ നിർമിച്ച് ഭിത്തികളും കെട്ടി. തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പത്തര കോടി രൂപ കൂടി അനുവദിച്ചു. എന്നാൽ, അഞ്ചു വർഷം മുന്പ് നിർമാണം ആരംഭിച്ച കെട്ടിടം 2020 നവംബറിൽ പണി പൂർത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പണികൾ പൂർത്തിയായിട്ടില്ല.
ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾ സൗജന്യമായി ലഭ്യമാക്കാൻ കഴിയുന്ന കാത്ത് ലാബ് സജ്ജമാക്കി ഉദ്ഘാടനവും കഴിഞ്ഞെങ്കിലും ഇതുവരെയും പ്രവർത്തനമാരംഭിക്കാൻ സാധിച്ചിട്ടില്ല. ഡിസംബറിൽ പ്രവർത്തനമാരംഭിക്കുമെന്ന് അറിയിച്ചെങ്കിലും വയറിംഗ് ജോലികളിലെ തകരാർ മൂലം പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
അസൗകര്യങ്ങളുടെ നടുവിലാണ് ആശുപത്രിയിലെ പോസ്റ്റുമോർട്ടം മുറി. നൂറ്റാണ്ടിലേറെ പഴക്കമുള്ള ആശുപത്രിയിലെ പോസ്റ്റുമോർട്ടം മുറിക്കും അത്രത്തോളം പഴക്കമുണ്ട്.ഒരു സമയം ഒരു മൃതദേഹം മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയൂ. ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂരയായതിനാൽ നേരിട്ട് സൂര്യപ്രകാശം പ്രവേശിക്കാൻ സൗകര്യമില്ലാത്ത ഇടുങ്ങിയ മുറിയിൽ വശങ്ങളിലെ ജനാലകളിൽ കൂടി വേണം വെളിച്ചം ലഭിക്കാൻ. ആവശ്യത്തിനു സൂര്യ പ്രകാശം ലഭിക്കാതെ വരുന്പോൾ പിന്നിലെ വാതിൽ തുറന്നിട്ടാണു പോസ്റ്റുമോർട്ടം നടത്തുന്നത്. റോഡിൽനിന്നും ഉയർന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന പോസ്റ്റുമോർട്ടം മുറിയിലേക്ക് മൃതദേഹങ്ങൾ എടുത്തു കയറ്റുക ആയാസകരമാണ്. മുറിക്കുള്ളിൽ പോസ്റ്റുമോർട്ടം ടേബിളിനു ചുറ്റുമുള്ള സ്ഥലം പരിമിതമാണ്.
പറഞ്ഞു മോഹിപ്പിച്ച സ്പോർട്സ് സ്കൂൾ
കുന്നുംഭാഗം ഗവണ്മെന്റ് ഹൈസ്കൂളിനോടനുബന്ധിച്ച് തുടക്കമിട്ട സ്പോർട്സ് സ്കൂൾ പദ്ധതി പാതിവഴിയിൽ നിലച്ച നിലയിലാണ്. അഞ്ചു വർഷം മുന്പ് തുടക്കമിട്ട നിർമാണ പ്രവർത്തനങ്ങളാണ് രണ്ടു വർഷമായി നിലച്ചു കിടക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ ആറു മാസം മുന്പ് ആരംഭിച്ചിങ്കിലും പണികൾ പുനരാരംഭിച്ചിട്ടില്ല.
ഒരു കോടി രൂപ മുടക്കി നടുമുറ്റം ഉൾപ്പടെ 1400 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടത്തിയത്. മൂന്നു നിലകളിലായി നിർമിക്കുന്ന ബ്ലോക്കിന്റെ ആദ്യനിലയുടെ സ്ട്രക്ചർ നിർമാണം പൂർത്തിയായി. ബാക്കി കെട്ടിട നിർമാണം പൂർത്തിയാക്കുന്നതിനു സർക്കാർ രണ്ടു കോടി രൂപ കൂടി അനുവദിച്ചതിന്റെ ടെൻഡർ നടപടികളിൽ വരെയേ എത്തിയുള്ളൂ. നിലവിലത്തെ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നതിന്റെ സമീപമാണ് പുതിയ അക്കാഡമിക് ബ്ലോക്ക് നിർമിക്കുന്നതിന് പദ്ധതി പ്രകാരം പുതിയ കെട്ടിടം നിർമിച്ച ശേഷം നിലവിലുള്ള കെട്ടിടം പൊളിച്ചു മാറ്റി അവിടെയാണ് സ്പോർട്സ് സ്കൂളിനുള്ള കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടത്. സ്പോർട്സ് സ്കൂളിന് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾക്ക് 18 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്. അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി 14 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് മുറികൾ, ലാബുകൾ, മൾട്ടിമീഡിയ റൂം, ലൈബ്രറി എന്നിവയുൾപ്പെടുന്നതാണ് സ്പോർട്സ് സ്കൂൾ. ഇൻഡോർ ഉൾപ്പടെ രണ്ട് വോളിബോൾ കോർട്ടുകൾ, ആറു വരികളായി 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവലിയൻ, 25 മീറ്റർ നീന്തൽക്കുളം, ആണ്കുട്ടികൾക്കും, പെണ്കുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം, മെസ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
വല്ലപ്പോഴും തുറക്കുന്ന കംഫർട്ട് സ്റ്റേഷൻ
ഈ വർഷമെങ്കിലും കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പൂട്ടാതെ പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും യാത്രക്കാരും. വർഷത്തിൽ രണ്ടോ മൂന്നോ മാസങ്ങൾ മാത്രമാണ് കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിക്കുന്നത്. പ്രതിഷേധങ്ങളും പരാതികളും ഉയരുന്പോൾ മാത്രം തുറന്നു പ്രവർത്തിക്കുന്ന രീതിയാണ് നിലവിലുള്ളത്. സെപ്റ്റിക് ടാങ്ക് നിർമിച്ചതിലെ അപാകത മുലം എല്ലാ വർഷവും മഴക്കാലത്ത് മലിനജലം ബസ് സ്റ്റാൻഡിലൂടെ ഒഴുകുന്ന സ്ഥിതിയാണുള്ളത്. ഇതിന്റെ പേരിൽ മഴക്കാലത്ത് കംഫർട്ട് സ്റ്റേഷൻ അടച്ചിടുകയാണ് പതിവ്. ഇതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാരും ബസ് ജീവനക്കാരും വ്യാപാരികളും ദുരിതത്തിലാകും. വർഷങ്ങളായിട്ടും ഇതിനൊരു പരിഹാരമുണ്ടാക്കാൻ പഞ്ചായത്ത് അധികൃതർക്ക് സാധിച്ചിട്ടില്ല. നിരവധി പരാതികളും ആരോപണങ്ങളും ഉണ്ടായിട്ടും ശാശ്വത നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തയാറായിട്ടില്ലെന്ന് യാത്രക്കാരും വ്യാപാരികളും പറയുന്നു. ഈ വർഷമെങ്കിലും അടച്ചുപൂട്ടാതെ പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
പരാധീനതകളുടെ ഫയർ സ്റ്റേഷൻ
കഴിഞ്ഞ 35 വർഷമായി ചുരുങ്ങിയ സ്ഥലപരിമിതികൾക്കുള്ളിൽ പ്രവർത്തിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ഫയർ സ്റ്റേഷൻ. പുതിയൊരു ഫയർ സ്റ്റേഷൻ നിർമിക്കണമെന്നാവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ കാഞ്ഞിരപ്പള്ളിയിൽനിന്നു ഫയർ സ്റ്റേഷൻ മാറ്റാനുള്ള നടപടികളാണ് കേൾക്കുന്നത്. ഇതിനെതിരെ വലിയതോതിൽ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
ഫയർസ്റ്റേഷന് സ്ഥലം കണ്ടെത്തുകയും നിലവിൽ വാടക കെട്ടിടത്തിൽ നിന്നും ഫയർ സ്റ്റേഷൻ മാറ്റുന്നതിനുള്ള ആലോചനകൾ നടന്നുവരികയാണെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞെങ്കിലും ഇതുവരെയായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അനുയോജ്യമായ സ്ഥലം കണ്ടെത്തി കാഞ്ഞിരപ്പള്ളിയിൽ തന്നെ ഫയർ സ്റ്റേഷൻ നിലനിർത്താൻ ജനപ്രതിനിധികളും അധികാരികളും തയാറാകണമെന്നാണു ജനങ്ങളുടെ ആവശ്യം.