പോത്തിൻകുട്ടികളെ വിതരണം ചെയ്തു.
കൂരാലി: വരുമാനത്തിനൊരു ബദൽവഴിയാണ് പോത്തുവളർത്തലെന്ന് തെളിയിച്ച ഫെയ്‌സ് കർഷക കൂട്ടായ്മ വീണ്ടും പോത്തിൻകുട്ടികളെ വിതരണം ചെയ്തു.
കാർഷിക വിലയിടിവിൽ നട്ടംതിരിയുന്ന കർഷകർക്ക് കൈത്താങ്ങാകാൻ അറുനൂറു പോത്തിൻകുട്ടികളെ ഇതിനകം വിതരണംചെയ്ത കൂട്ടായ്മ വെള്ളിയാഴ്ച 71 എണ്ണത്തെക്കൂടിയെത്തിച്ച് കർഷകർക്ക് നൽകി.
രണ്ടുവർഷംകൊണ്ട് അൻപതിനായിരം രൂപയിലേറെ വരുമാനം നേടാനാവുംവിധം വളർച്ചാശേഷിയുള്ള പോത്തിൻകുട്ടികളെയാണ് എത്തിച്ചത്. വയനാട് ബ്രഹ്മഗിരി സൊസൈറ്റിയുമായി സഹകരിച്ചാണ് മുറ ഇനത്തിൽപെട്ട പോത്തിൻകുട്ടികളെ വിതരണം ചെയ്യുന്നത്.
എലിക്കുളം രണ്ടാംമൈലിൽ കർഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. എം.ടി.ജോസഫ് വിതരണം ഉദ്ഘാടനംചെയ്തു.
ഫെയ്‌സ് കർഷക കൂട്ടായ്മ പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയംഗം ടി.എൻ.ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. എം.കെ.രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ്‍പ്രസിഡന്റ് സിൽവി വിൽസൺ, ഫെയ്‌സ് സെക്രട്ടറി കെ.ആർ.മന്മഥൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.