ബസ് കാത്തുനിന്നവരുടെ ഇടയിലേക്കു മരക്കൊമ്പ് ഒടിഞ്ഞുവീണു :
വാഴൂർ: ബസ് കാത്തുനിന്നവരുടെ ഇടയിലേക്കു മരക്കൊമ്പ് ഒടിഞ്ഞുംവീണു. 19-ാംമൈൽ വെയിറ്റിംഗ് ഷെഡിന് സമീപം ബസ് കാത്തുനിന്നവരുടെ ഇടയിലേക്കാണ് മരക്കൊമ്പ് ഒടിഞ്ഞുവീണത്. വെയിറ്റിംഗ് ഷെഡിനോട് ചേർന്നുനിന്ന ബദാം മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞുവീണത്.
ബസ് കാത്തുനിന്നവർ ഓടി മാറിയതിനാലും മരക്കൊമ്പ് വൈദ്യുതി ലൈനിൽ തട്ടിയതിനാലുമാണ് വലിയ അപകടം ഒഴിവായത്. മരത്തിന്റെ കേടായി നിന്ന ഭാഗമാണ് ഒടിഞ്ഞ് വീണത്.
ദേശീയപാത 183ൽ വാഴൂർ മുതൽ മുണ്ടക്കയം വരെ യാത്രക്കാർക്ക് അപകടഭീഷണിയായി ധാരാളം മരക്കൊമ്പുകളാണ് ദേശീയപാതയിലേക്കു ചാഞ്ഞുനിൽക്കുന്നത്. വേനൽ കടുക്കുന്നതോടെ അപകടകരമായി നിൽക്കുന്ന കമ്പുകൾ ഉണങ്ങി വീഴാൻ സാധ്യത കൂടുതലാണ്. അപകടഭീഷണിയായി ദേശീയ പാതയിലേയ്ക്ക് ചാഞ്ഞ് നിൽക്കുന്ന മരക്കമ്പുകൾ വെട്ടി മാറ്റാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.