ഉറുമ്പിക്കര മലയിലും മേലോരം അഴങ്ങാട് അടികാട് ഭാഗത്തും ഉരുൾപൊട്ടി; ആറുകളിൽ വീണ്ടും മലവെള്ളപ്പാച്ചിൽ… മണിമലയാറ്റിൽ ജലനിരപ്പുയർന്നു.
മുണ്ടക്കയം: മണിക്കൂറുകളോളം നീണ്ട ശക്തമായ മഴയെ തുടർന്ന് , കൊക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര മലയിലും മേലോരം അഴങ്ങാട് അടികാട് ഭാഗത്തും ഉരുൾപൊട്ടി. ഉറുമ്പിക്കര പാപ്പാനി തോട് പ്രദേശത്തും മേലോരം വാർഡിലെ അടി കാട് ഭാഗത്തുമാണ് ഉരുൾ പൊട്ടിയത്.. ഉറുമ്പിക്കരയിൽ നിന്നുള്ള പാപ്പാനി തോട്ടിലും മേലോരത്തു നിന്നുള്ള കൊടികുത്തിയാറ്റിലും ശക്തമായ ഒഴുക്കാണ് ഉണ്ടായിട്ടുള്ളത്. മണിമലയാറ്റിലും ജലനിരപ്പുയർന്നു.
കഴിഞ്ഞ ദിവസം ഉറുമ്പിക്കര പ്രദേശത്തും അഴങ്ങാട്ടിലും ഉരുൾ പൊട്ടി വ്യാപക നാശം വിതച്ചിരുന്നു. അന്ന് പാപ്പാനി തോടിനോട് ചേർന്നു മൂന്നിടത്ത് ഉരുൾ പൊട്ടി അതിനാൽ മേഖലയിലെ താമസക്കാരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. കനത്ത മഴയും യാത്ര അസൗകര്യവുമുള്ള പ്രദേശമായതിനാൽ ആളുകൾക്ക് എത്തിച്ചേരൽ പ്രയാസകരമാണ്. സമാന സാഹചര്യമാണ് അഴങ്ങാടും ഉണ്ടായിരിയ്ക്കുന്നത്.
പാപ്പാനി, കൊടികുത്തി യാറ്റിലും ഒഴുക്ക് ശക്തമായതോടെ പുല്ലകയാർ ,മണിമലയാർ എന്നി വിടങ്ങളിൽ ജലനിരപ്പുയർന്നു. മേഖലയിൽ മണിക്കൂറുകളോളം ശക്തമായ മഴയായിരുന്നു.